അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ തന്നെ മുഖ്യ അതിഥി ; അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് മന്ത്രി എ കെ ബാലന്‍

വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാതെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയുമായി മോഹന്‍ലാലിനെ തന്നെ പങ്കെടുപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 108 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി തള്ളിയാണ് സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ചടങ്ങിലേക്ക് സര്‍ക്കാര്‍ അദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് നാളെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മന്ത്രി എകെ ബാലന്‍ താക്കീത് ചെയ്തു. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പങ്കെടുത്താല്‍ അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്ക്കരിക്കും എന്ന് കാട്ടി സിനിമാ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. എന്നാല്‍ നിവേദനം നല്‍കിയത് സത്യമാണ് എങ്കിലും മോഹന്‍ലാലിന്റെ പേര് അതില്‍ സൂചിപ്പിച്ചിരുന്നില്ല എന്നാണു എതിര്‍പ്പ് പ്രഖ്യാപിച്ചവര്‍ പറഞ്ഞത്. താന്‍ മോഹന്‍ലാലിന് എതിരെ ഒപ്പ് ഇട്ടിട്ടില്ലെന്നാണ് നടന്‍ പ്രകാശ് രാജ് പറഞ്ഞത്.