സിനിമാ മേഖലയില്‍ മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നു എന്ന് ഇന്ദ്രന്‍സ്
മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ സിനിമാ മേഖലയില്‍ എന്തോ ചില കളികള്‍ നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സ്. എല്ലാവരും പിണക്കം മറന്ന് ഒരുമിച്ച് നില്‍ക്കണം. കലാരംഗത്ത് ഒത്തൊരുമ ഉണ്ടാകണം. മോഹന്‍ലാലിനെ വിളിക്കാന്‍ തന്റെ കൈയില്‍ നമ്പരില്ല. പക്ഷേ ഞാന്‍ വിളിച്ചാല്‍ അദ്ദേഹം എന്തു വിചാരിക്കുമെന്നും ആശങ്കയുണ്ട്. ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കണമെന്നും താരങ്ങള്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ മാറ്റ് കുറയില്ലെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.
നേരത്തെ അവാര്‍ഡ്ദാന ചടങ്ങിലെ മുഖ്യാതിഥിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട സിനിമാ പ്രവര്‍ത്തകനും സംവിധായകനുമായ ഡോ. ബിജു രംഗത്ത് എത്തിയിരുന്നു. തങ്ങള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഒരിടത്തും മോഹന്‍ലാലിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ആ പ്രസ്താവന കണ്ട് മാധ്യമങ്ങള്‍ അത് മോഹന്‍ലാലിന് എതിരെ ആണെന്ന് തെറ്റായി വ്യാഖ്യാനിച്ചത് ആണെന്നും ഡോ. ബിജു സൗത്ത് ലൈ വിനോട് പറഞ്ഞു.
‘സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിന് മുഖ്യാതിഥിയുടെ ആവശ്യമില്ല. ഇത്തവണ മോഹന്‍ലാല്‍ ആയിരിക്കും മുഖ്യാതിഥി എന്ന വാര്‍ത്ത വന്നത് കൊണ്ടായിരിക്കും മാധ്യമങ്ങള്‍ അത് മോഹന്‍ലാലിന് എതിരെയുള്ള പ്രസ്താവന ആണെന്ന് വ്യാഖ്യാനിച്ചത്. നാളെ മോഹന്‍ലാലിന്റെ സ്ഥാനത്ത് മമ്മൂട്ടി ആണെങ്കിലും ഞങ്ങളുടെ നിലപാട് ഇതുതന്നെ ആയിരിക്കും’ ഡോ. ബിജു പറഞ്ഞു.