ബ്ലാസ്റ്റേഴ്‌സിനെ അടിച്ചൊതുക്കി മെല്‍ബണ്‍ സിറ്റി
കളികാണാന്‍ എത്തിയ ആയിരങ്ങളുടെ മുന്‍പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ലാ ലിഗ വേള്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടക്കം തോല്‍വിയോടെ. മെല്‍ബണ്‍ സിറ്റി എഫ്‌സിക്കെതിരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്‍റെ പരാജയം. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ നേടിയ മെല്‍ബണ്‍ സിറ്റി എഫ്സി രണ്ടാം പകുതിയില്‍ നാല് തവണ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി.
അലസമായി തുടങ്ങിയ മത്സരത്തില്‍ 30-ാം മിനിറ്റില്‍ ദാരിയോ വിദോസിചിന്റെ ഹെഡറിലൂടെ മെല്‍ബണ്‍ സിറ്റി എഫ്സിയാണ് ആദ്യ ഗോള്‍ നേടിയത്. അതിന്റെ ഞെട്ടലില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് വിമുക്തരാകും മുമ്പേ മൂന്ന് മിനിറ്റുകള്‍ക്കപ്പുറം വീണ്ടും ബ്ലാസ്റ്റേഴ്സ് വല കുലുങ്ങി. റിലേ മക്ഗ്രിയുടെ കാലില്‍ നിന്ന് തൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റാതെ ബ്ലാസ്റ്റേഴ്സ് വല കുലുക്കി. 56-ാം മിനിറ്റില്‍ വീണ്ടും റിലേ മക്ഗ്രീയുടെ ഗോളിലൂടെ നാലാം ഗോള്‍ പിറന്നു. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും മെല്‍ബണ്‍ പ്രതിരോധം ഫലപ്രദമായി ഇടപെട്ടു കൊണ്ടിരുന്നു.
73-ാം മിനിറ്റില്‍ ഒന്നിലധികം മെല്‍ബണ്‍ താരങ്ങളെ കബളിപ്പിച്ച് പെക്കൂസണ്‍ നല്‍കിയ പാസ്സ് പക്ഷേ, മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് സാധിച്ചില്ല. 75-ാം മിനിറ്റില്‍ രാമി നജരൈനും 79-ാം മിനിറ്റില്‍ ബ്രൂണോ ഫൊര്‍ണറോലിയും ലക്ഷ്യം കണ്ടതോടെ മെല്‍ബണിന്റെ ഗോള്‍ നേട്ടം ആറായി. ഓരോ ഗോളും വഴങ്ങുമ്പോഴും തോറ്റവരുടെ ശരീര ഭാഷയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്. ഇത് എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഒരു ഗോളെങ്കിലും പിറന്നു കാണാന്‍ കാത്തിരുന്ന മഞ്ഞപ്പടയ്ക്കും ആരാധകര്‍ക്കും നിരാശരായി മടങ്ങാനായിരുന്നു യോഗം.