വള്ളം മറിഞ്ഞ് മരിച്ച മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി
കോട്ടയം കല്ലറക്കടുത്ത് കരിയാറില്‍ വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ സജി (46) യുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് തിരച്ചിലില്‍ കണ്ടെത്തിയത്. വൈകുന്നേരം ഏഴുമണിയോടെയാണ് തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ബിപിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടം നടന്നതിന് മുന്നൂറു മീറ്റര്‍ അകലെനിന്നാണ് ബിപിന്റെ മൃതദേഹം കണ്ടെത്തിയത്.
സ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങിയതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്. ന്യൂസ് സംഘത്തിലുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരനേയും, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന്‍ അഭിലാഷ് നായരേയും തിങ്കളാഴ്ച രക്ഷപ്പെടുത്തിയിരുന്നു. പ്രദേശവാസികളും, ഫയര്‍ഫോഴ്‌സും, നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. ഇവരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച വള്ളം ശക്തമായ ഒഴുക്കില്‍ പെട്ട് നിയന്ത്രണം തെറ്റ് മറിഞ്ഞത്. കാണാതായവര്‍ക്ക് വേണ്ടി പ്രദേശവാസികളുടെ അടക്കം സഹായത്തോടെ രാത്രി എഴരവരെ തിരച്ചില്‍ നടത്തിയിരുന്നു. അതേസമയം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് ഇവര്‍ വള്ളത്തില്‍ സഞ്ചരിച്ചത് എന്ന് നാട്ടുകാര്‍ പറയുന്നു. ശക്തമായ അടിയൊഴുക്കുള്ള പുഴയില്‍ വള്ളം ഇറക്കിയത് തന്നെ അപകടം വിളിച്ചു വരുത്തി എന്നും അവര്‍ പറയുന്നു. എഴുമാന്തുരുത്തുവരെ വാഹനത്തില്‍ എത്തിയ സംഘം അവിടെനിന്ന് യന്ത്രം ഘടിപ്പിച്ച വള്ളത്തിലാണ് മുണ്ടാറിലെ ദൃശ്യം പകര്‍ത്താന്‍ പോയത്.വള്ളം നിയന്ത്രിച്ചിരുന്നയാള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഉണ്ടായിരുന്നു.