ബിജെപി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ; പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദ്ദിക് പട്ടേലിനും കൂട്ടാളികള്‍ക്കും രണ്ടുവര്‍ഷം തടവ്

പട്ടേല്‍ സമര നേതാവ് ഹാര്‍ദ്ദിക് പട്ടേലിന് രണ്ടുവര്‍ഷം തടവ് ശിക്ഷ. വിസ്‌നഗര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഹാര്‍ദ്ദിക്കിന് പുറമെ പട്ടേല്‍ സമര നേതാക്കളായ ലാല്‍ജി പട്ടേല്‍, എ.കെ. പട്ടേല്‍ എന്നിവര്‍ക്കും രണ്ട് വര്‍ഷം തടവ് ശിക്ഷയുണ്ട്. ബിജെപി എംഎല്‍എ ഋഷികേശ് പട്ടേലിന്റെ ഓഫീസ് തകര്‍ത്ത സംഭവത്തിലാണ് ശിക്ഷ. 2015 ല്‍ നടന്ന പട്ടേല്‍ പ്രക്ഷോഭത്തിലാണ് ബിജെപി എം.എല്‍.എയുടെ ഓഫീസ് ഒരുസംഘം അടിച്ചുതകര്‍ത്തത്.

പ്രതികള്‍ക്കെതിരെ കലാപമുണ്ടാക്കല്‍, തീവെയ്പ്പ്, പൊതുമുതല്‍ നശിപ്പിക്കല്‍, നിയമവിരുദ്ധമായി സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പട്ടേല്‍ വിഭാഗങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ടാണ് പട്ടിദാര്‍ അനാമത് ആന്ദോളന്‍ എന്ന സംഘടന പ്രക്ഷോഭം സംഘടിപ്പിച്ചത്. 2015 ജൂലായില്‍ നടന്ന പ്രക്ഷോഭത്തില്‍ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതികള്‍ 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.