വിഎസ് സര്‍ക്കാര്‍ സ്ഥാപിച്ച മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അസാനിപ്പിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം
മൂന്നാര്‍ ഭൂമി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കൊണ്ടുവന്ന പ്രത്യേക ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിറുത്താന്‍ മന്ത്രിസഭായോഗ തീരുമാനം. ട്രൈബ്യൂണലില്‍ നിലവിലുള്ള കേസുകള്‍ കൈമാറ്റം ചെയ്യുന്നതും തീര്‍പ്പാക്കുന്നതും സംബന്ധിച്ച് വിശദമായ നടപടിക്രമം പിന്നീട് പുറപ്പെടുവിക്കും.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പ്രത്യേക നിയമത്തിലൂടെ മൂന്നാര്‍ ട്രൈബ്യൂണല്‍ രൂപവത്കരിച്ചത്. വിവാദമായ മൂന്നാര്‍ മേഖലയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി ഭൂമി തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ട്രൈബ്യൂണലാണ് ഇത്. എന്നാല്‍ ട്രൈബ്യൂണല്‍ തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം കുറവാണ്. ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം 42 കേസുകളാണ് ഇതുവരെ തീര്‍പ്പാക്കിയത്. ലക്ഷ്യം കൈവരിക്കാന്‍ കഴിയുന്ന രീതിയിലല്ല ട്രൈബ്യൂണല്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി ശുപാര്‍ശ ചെയ്യുകയായിരുന്നു.
2007 നിലവില്‍ വന്ന ട്രൈബ്യൂണല്‍ തര്‍ക്കങ്ങളും മറ്റും കാരണം അധിക കാലം സുഗഗമായി പ്രവര്‍ത്തിച്ചില്ല. പലപ്പോഴും നാഥനില്ലാത്ത സ്ഥിതിയിലാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്. മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ ആക്ട് എന്ന പ്രത്യേക നിയമത്തിന്റെ പിന്‍ബലത്തില്‍ രൂപവത്കരിച്ച പ്രത്യേക ട്രൈബ്യൂണലായതിനാല്‍ പിന്‍വലിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. ആദ്യം ആക്ട് പിന്‍വലിക്കണം. പുതിയ ആക്ട് കൊണ്ടുവരണം. ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കി.