ചരിത്ര പുസ്തകത്തില്‍ നെഹ്റുവിന് പകരം സവര്‍ക്കര്‍ ; ഗോവയിലെ ബിജെപി സര്‍ക്കാരിന്റെ പാഠ്യപരിഷ്‌കരണത്തിനെതിരെ വ്യാപക പ്രതിഷേധം

ഗോവയിലെ പത്താം ക്ലാസിലെ പാഠപുസ്തകത്തിലാണ് ചരിത്രത്തെ വളച്ചൊടിക്കുന്ന പുതിയ വിവരങ്ങള്‍ സര്‍ക്കാര്‍ തിരുകി കയറ്റിയത്. സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്ന് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കി പകരം ഹിന്ദുമഹാസഭാ നേതാവ് വിനായക് സവര്‍ക്കറുടെ ചിത്രം തിരുകയറ്റി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് സവര്‍ക്കറുടെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്.

തീവ്രഹിന്ദുത്വ നിലപാട് പുലര്‍ത്തിയിരുന്ന സവര്‍ക്കറുടെ ചിത്രം ഇന്ത്യയും സമകാലികലോകവും എന്ന പാഠപുസ്തകത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഗാന്ധിജി, മൗലാനാ ആസാദ് എന്നിവരുടെ കൂടെ സേവാഗ്രാം ആശ്രമത്തില്‍ നില്‍ക്കുന്ന നെഹ്‌റുവിന്റെ ചിത്രമാണ് പാഠപുസ്തകത്തിന്റെ 68 ാം പേജിലുണ്ടായിരുന്നത്. ഇത് ഒഴിവാക്കിയ സംഭവത്തിനെതിരെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ വ്യാപക പ്രതിഷേധവുമായി രംഗത്ത് വന്നു.

രാജ്യത്തിന്റെ ചരിത്രം തിരുത്തി എഴുതുന്നതിനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എന്‍എസ്‌യുഐ ഗോവ അധ്യക്ഷന്‍ അഹ്‌റാസ് മുല്ല വ്യക്തമാക്കി. ഇനി ബിജെപി സര്‍ക്കാര്‍ ഗാന്ധിയുടെ ചിത്രവും പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കും. പിന്നീട് ചരിത്രം തിരുത്തിയെഴുതുന്നതിന് ബിജെപി കൂടുതലായി അധികാരം ദുര്‍വിനയോഗം ചെയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ പദ്ധതിയും എട്ടാം ക്ലാസിലെ ജിയോഗ്രഫിയില്‍ ‘പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന’യും പാഠ്യവിഷയമായിട്ടുണ്ട്.

ചരിത്ര പാഠപുസ്തകങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മഹാറാണ പ്രതാപ്, ഛത്രപതി ശിവജി, ജാട്ട് നേതാവ് സൂരജ്, ആത്മീയ നേതാവ് ശ്രീ അരബിന്ദോ, വല്ലഭായ് പട്ടേല്‍ തുടങ്ങിയവരുടെ വിവരണങ്ങള്‍ പുതിയ പുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നേരത്തെ എന്‍സിഇആര്‍ടിയുടെ പുതുക്കിയ പാഠപുസ്തകങ്ങളിലെ പരിഷ്‌കാരവും വിവാദമായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകരെ കുറിച്ചുള്ള വിവരണങ്ങള്‍ വെട്ടിച്ചുരുക്കിയും നോട്ട് നിരോധനം അടക്കമുള്ള മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ കുത്തിനിറച്ചുമാണ് എന്‍സിഇആര്‍ടിയുടെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയിരുന്നത്. ആറു മുതല്‍ 10ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിലാണ് കൂടുതലായും മാറ്റങ്ങള്‍ വരുത്തിയത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ 182 പാഠപുസ്തകങ്ങളില്‍ 1,334 മാറ്റങ്ങളാണ് എന്‍സിഇആര്‍ടി വരുത്തിയിരുന്നു.

10ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ്പാഠപുസ്തകം പരിഷ്‌കരിച്ച് ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് എന്ന പേരില്‍ രണ്ട് ഭാഗങ്ങളാക്കി. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണനേട്ടമാണ് പരിഷ്‌കരിച്ച പാഠപുസ്തകത്തില്‍ ഭൂരുിഭാഗവും പഠിക്കാനുള്ളത്. വിവരാവകാശ നിയമം എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയെന്നുള്ള രീതിയിലാണ് പുസ്തകത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്. 10ാം ക്ലാസ് ഇക്കണോമിക്‌സ് പാഠപുസ്തകത്തിലാണ് നോട്ട് നിരോധനത്തെ കുറിച്ചും അതിന്റെ നേട്ടങ്ങളെ കുറിച്ചും വിവരിക്കുന്നത്. നോട്ട് നിരോധനം രാജ്യത്തെ ഡിജിറ്റല്‍ ആക്കി മാറ്റാന്‍ സഹായിച്ചുവെന്നാണ് പുസ്തകത്തിലുള്ളത്.

ഡിജിറ്റില്‍ ഇന്ത്യയെ കുറിച്ചുള്ള നരേന്ദ്ര മോദിയുടെ മുദ്രാവാക്യങ്ങളും പാഠപുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ആറാം ക്ലാസിലെ പാഠപുസ്തകത്തില്‍ സ്വച്ഛ് ഭാരത് പദ്ധതിയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അഞ്ച് പാഠപുസ്തകങ്ങളില്‍ വിവിധ അദ്ധ്യായങ്ങളിലൂടെ ഈ പദ്ധതി അവതരിപ്പിക്കുന്നു. ഗംഗ ശുചീകരണ പദ്ധതിയെക്കുറിച്ച് മൂന്ന് പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കുന്നു.