അരിയും, പൊതിയുമായി നിഷാ ജോസ് കെ മാണി.
കേരള രാഷ്ട്രീയത്തിലെ ചാണക്യനെന്ന് വേണമെങ്കില്‍ കെ.എം. മാണിയെ വിശേഷിപ്പിക്കാം. അഴിമതി ആരോപണങ്ങള്‍ നിരയായി നില്‍ക്കുമ്പോഴും എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ നിര്‍ത്തി വിലപേശുന്ന തന്ത്രശാലിയാണ് കെ.എം. മാണി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ, ഒഴിവ് വന്ന രാജ്യസഭാ സീറ്റ് യു.ഡി.എഫിനെ കൊണ്ട് അടിയറവ് വെപ്പിച്ച് യു.ഡി.എഫില്‍ തിരിച്ചെത്തിയ കെ.എം.മാണി, മകന്‍ ജോസ് കെ മാണിയെ അങ്ങനെ ഒരു സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. അടുത്തതായി പിടി മുറുക്കുന്നത് കോട്ടയം പാര്‍ലമെന്റ് സീറ്റിലേക്കാണ്. കോട്ടയം രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും, കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ബദ്ധവൈരികളായി മാറിയെങ്കിലും, നേതാക്കളെ കൊണ്ട് ജോസ് കെ മണിക്ക് രാജ്യസഭാ സീറ്റ് വാങ്ങി നല്‍കിയ മാതൃകയില്‍ മരുമകള്‍ നിഷ ജോസ് കെ മാണിക്ക് കോട്ടയം പാര്‍ലമെന്റ് സീറ്റ് നേടി നല്‍കുവാനുള്ള വിലപേശലുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതിന് കാര്‍മികത്വം നല്‍കുന്നതാകട്ടെ യു.ഡി.എഫിലെ പ്രബല ഘടകകക്ഷി മുസ്ലിം ലീഗും.
പെട്ടെന്നുള്ള രാഷാട്രീയ പ്രവേശനം തടസ്സ വാദങ്ങള്‍ ഉന്നയിക്കാന്‍ ഇടവരുത്താതിരിക്കാന്‍ നിഷ ജോസ് കെ മാണി മണ്ഡലത്തിലുടനീളം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായെത്തുന്ന നിഷയുടെ വിവിധ ചിത്രങ്ങളും വീഡിയോയുമായി കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. ഇത്തരത്തിലൊരു ചര്‍ച്ചക്ക് കളമൊരുങ്ങാന്‍ കോട്ടയത്ത് എല്‍.ഡി.എഫിന് വനിതാ സ്ഥാനാര്‍ഥി എന്ന പ്രചരണവും സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നുണ്ട്.
https://www.facebook.com/jayakrishnan.puthiyeadatu/videos/pcb.2036994149695338/2036992646362155/?type=3&theater
കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫിനെയാണ് കേരളാ കോണ്‍ഗ്രസ്സിന്റെ മറ്റൊരു സ്ഥാനാര്‍ത്ഥിയായി ഇവര്‍ തന്നെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ മോന്‍സ് ജോസഫ് ഈ നീക്കത്തോട് ഇത് വരെ പ്രതികരിച്ചിട്ടില്ല. ജോസ് കെ മാണിയുമായി അത്ര യോചിപ്പിലല്ലാത്ത കടുത്തുരുത്തി എം.എല്‍.എ മോന്‍സിനെ ഇത്തരം ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ച് മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ്ജിനെ മുന്‍നിര്‍ത്തി അടുത്ത നിയമസഭാതിരഞ്ഞെടുപ്പിന് മുന്‍പ് കടുത്തുരുത്തി സീറ്റില്‍ അവകാശ വാദം ഉന്നയിച്ച് സമ്മര്‍ദ്ദത്തിലാക്കുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്.
ബാര്‍ കോഴയുള്‍പ്പടെയുള്ള അഴിമതി ആരോപണങ്ങളുമായി തനിക്കെതിരെ പോരാടിയ എല്‍.ഡി എഫ് ഗവര്‍മെന്റിനെപോലും നിയമസഭയില്‍ പ്രത്യേക ബ്ലോക്കെന്ന നിലപാടെടുത്ത് എല്‍.ഡി.എഫിലേക്കെന്ന പ്രതീതി ജനിപ്പിച്ച് അന്വേഷങ്ങള്‍ അട്ടിമറിച്ച് ക്‌ളീന്‍ ചീറ്റ് നേടിയ കെ.എം.മാണിക്ക്, കോട്ടയം സീറ്റെന്നത് യുഡിഎഫില്‍ നിന്ന് വിലപേശി നേടാന്‍ എളുപ്പമാകുമെന്നതാണ് വിലയിരുത്തല്‍.