ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ കേരളത്തിലെ സാമൂഹിക സമരമണ്ഡലങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്ന കെ.ഇ മാമ്മന്‍ സാറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്

തിരുവനന്തപുരം: വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് 2017 ജൂലൈ 26ന് രാവിലെ പത്തു മണിക്ക് കെ.ഇ .മാമ്മന്‍ സാര്‍ (97) ലോകത്തോട് വിട പറഞ്ഞത്. ഔദ്യോഗിക ബഹുമതികളോട് തന്റെ ആഗ്രഹപ്രകാരം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരം നടത്തി.

1921 ജൂലായ് 31നാണ് കണ്ടത്തില്‍ കെ.ടി.ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ആറാമത്തെ മകനായി കെ.ഇ.മാമ്മന്‍ സാര്‍ ജനിച്ചത്. തിരുവല്ലയിലായിരുന്നു ജനനം. സ്വന്തം ജന്മദിനം ആഘോഷിക്കാന്‍ ആരെയും സമ്മതിക്കാതിരുന്ന മാമ്മന്‍ സര്‍; സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെയും ഗാന്ധിജിയെ നേരില്‍ കണ്ടു സംസാരിച്ചതിന്റെയും തീക്ഷ്ണമായ ഓര്‍മകളും പേറി കേരളത്തിന്റെ ധാര്‍മിക മനഃസാക്ഷിയായി തലസ്ഥാന നഗരിയില്‍ അവസാന ശ്വാസം വരെയും നിറഞ്ഞു നിന്നിരുന്നു.

ഗാന്ധിയനും സമാധാന വാദിയുമായ അദ്ദേഹം തിരുവനന്തപുരത്ത് നടന്ന മദ്യ വിരുദ്ധ സമരങ്ങളിലടക്കം മുന്നണിയില്‍ ഉണ്ടായിരുന്നു. ഭൂസമരങ്ങളിലും ശ്രദ്ധേയമായ സാന്നിദ്ധ്യമായി സമര രംഗത്തുണ്ടായിരുന്ന ഇദ്ദേഹം ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ എന്നും ജനപക്ഷത്ത് നിലയുറപ്പിച്ചിരുന്നു.

അഴിമതിക്കെതിരെ എല്ലാ കാലത്തും ശക്തമായി നിലകൊണ്ട അദ്ദേഹം സ്വാതന്ത്ര്യ സമര പെന്‍ഷന്റെ നല്ല പങ്ക് അഗതികളുടെ ജീവിതച്ചിലവിനാണ് നീക്കിവച്ചത്. വാക്കിലും പ്രവൃത്തിയിലും എക്കാലവും ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുവ തലമുറയെ പ്രചോദിപ്പിച്ച ഒരു സ്വാതന്ത്ര്യസമരസേനാനിയെയാണ് നഷ്ടമായതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം കെ.ഇ മാമ്മന്റെ നിര്യാണ വാര്‍ത്ത അറിഞ്ഞ് അനുസ്മരിച്ചത്.

ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് പൊതുസമൂഹത്തിന് മാതൃകാപരമായ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു കെ ഇ മാമ്മന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കെ ഇ മാമ്മന്‍ തനിക്ക് ഗുരുതുല്യനാണെന്നും ഈ വിയോഗം കേരളീയ സാമൂഹ്യ ജീവിതത്തിന് അപരിഹാര്യമായ നഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സത്യത്തിനും നീതിക്കും നന്മയ്ക്കും വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ അപൂര്‍വ വ്യക്തിയായിരുന്നു കെ ഇ മാമ്മനെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാഷ്ടീയത്തിലെയും സാമൂഹ്യ ജീവിതത്തിലെയും ആശ്വാസമല്ലാത്ത പ്രവര്‍ണതകള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായെന്നും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്ന് അവസാന നിമിഷംവരെ ധീരമായ പോരാട്ടങ്ങള്‍ നടത്തിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു കെ ഇ മാമ്മനെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പൗരക്ഷേമത്തിനും നന്മയ്ക്കും വേണ്ടി ഒരു ജീവിതകാലമാകെ സമര്‍പ്പിത സേവനം നിര്‍വഹിച്ച അസാധാരണ ത്യാഗീവര്യനായിരുന്നു കെ ഇ മാമ്മനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവസാനത്തെ സ്വാതന്ത്ര്യസമര പോരാളിയെയാണ് മാമ്മന്റെ വേര്‍പാടോടെ കേരളീയ സമൂഹത്തിന് നഷ്ടമായതെന്ന് എം എം ഹസനും കെ.ഇ മാമ്മന്റെ നിര്യാണ വാര്‍ത്ത അറിഞ്ഞ് അനുസ്മരിച്ചത്.

ജനകീയ സമിതിയുടെ പ്രസിഡന്റ് എന്ന നിലയിലും സമൂഹത്തില്‍ വിവിധ ഇടപെടലുകള്‍ നടത്തി ഭരണ കൂട അഴിമതികള്‍ക്കും നീതി നിഷേധങ്ങള്‍ക്കും എതിരെയുള്ള പോരാളിയായിരുന്നു മാമ്മന്‍ സാര്‍ എന്ന് ഒന്നാം ചരമ വാര്‍ഷികത്തില്‍ ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗ്ഗീസ് അനുസ്മരിച്ചു.

സ്വാതന്ത്ര്യ സമര സേനാനി കെ.ഇ മാമ്മന്‍ സാറിന്റെ മരിക്കാത്ത സ്മരണകള്‍ക്കു മുമ്പില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മാവേലിക്കര ഗുരു നിത്യ ചൈതന്യയതി റഫറന്‍സ് ലൈബ്രറി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ജോര്‍ജ് തഴക്കര അദ്ധ്യക്ഷത വഹിക്കുമെന്ന് ജനകീയ സമിതി കോര്‍ഡിനേറ്റര്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള അറിയിച്ചു.