അയ്യായിരം കൊടുത്തു വാങ്ങിയ ഫോണ്‍ കാരണം യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ പിന്നെ ജയില്‍ വാസവും
ഏഷ്യക്കാരനായ 32 കാരനാണ് 300 ദിര്‍ഹം കൊടുത്ത് വാങ്ങിയ ഫോണ്‍ കാരണം 5000 ദിര്‍ഹം നഷ്ടവും പോരാത്തതിന് മൂന്ന് മാസം ജയില്‍ ശിക്ഷയും ലഭിച്ചത്. ഷാര്‍ജയിലാണ് സംഭവം. മുന്‍പരിചയമില്ലാത്ത വ്യക്തിയില്‍ നിന്നും ഇന്‍വോയിസോ ബില്ലോ ഇല്ലാതെ ഫോണ്‍ വാങ്ങിയതാണ് ഇയാള്‍ക്ക് പാരയായത്.
ഈ വര്‍ഷം ആദ്യമാണ് ഇയാള്‍ ഫോണ്‍ വാങ്ങുന്നത്. ഫോണ്‍ വിറ്റയാളെ ഷാര്‍ജയില്‍ താന്‍ താമസിക്കുന്ന കെട്ടിടത്തിനു സമീപത്ത് വച്ചാണ് പരിചയപ്പെടുന്നത്. ഇയാള്‍ സാംസങ്ങിന്റെ പുത്തന്‍ ഫോണ്‍ 300 ദിര്‍ഹത്തിന് (ഏകദേശം 5600 രുപ) നല്‍കാമെന്നു പറയുകയായിരുന്നു. എന്നാല്‍ ഫോണ്‍ വിറ്റ വ്യക്തി ഫോണുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും ഏഷ്യക്കാരന് കൈമാറിയുമില്ല. വില കുറച്ചു കിട്ടിയത് കൊണ്ട് അയാള്‍ അതൊന്നും തിരക്കാനും പോയില്ല. എന്നാല്‍
ഇത് മോഷ്ടിച്ച ഫോണാണെന്ന് ഏഷ്യക്കാരന്‍ മനസിലാക്കുന്നത് പൊലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ്. തനിക്ക് ഫോണ്‍ വിറ്റയാളെ മുമ്പേ അറിയില്ലെന്നും, ഇപ്പോള്‍ അയാളെ കാണാനില്ലെന്നുമാണ് ഏഷ്യക്കാരന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇതൊന്നും വിലപ്പോയില്ല. ഷാര്‍ജയിലെ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് 5000 ദിര്‍ഹം (ഏകദേശം 93,500 രുപ) പിഴയും മൂന്നു മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍ ഈ തുക തനിക്ക് അടയ്ക്കാനാവില്ലെന്ന് ഏഷ്യക്കാരന്‍ കോടതിയെ അറിയിച്ചു. കേസ് 29 ന് വീണ്ടും പരിഗണിക്കും.