ചതിയില്‍പ്പെട്ട് ജയിലിലായ മലയാളി, നവയുഗത്തിന്റെ ഇടപെടലില്‍ ശിക്ഷാഇളവ് കിട്ടി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജീവിതത്തിന് പുതിയൊരു തുടക്കമിടാന്‍ തയ്യാറെടുക്കുന്നതിനിടയില്‍, വിധിയുടെ ക്രൂരതയില്‍ സ്വപ്നങ്ങള്‍ നഷ്ടമായ മലയാളി യുവാവ്, ഒടുവില്‍ നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ, നിയമനടപടികള്‍ നാട്ടിലേയ്ക്ക് മടങ്ങി.
തൃശ്ശൂര്‍ സ്വദേശി രതീഷിന്റെ കഥ വിചിത്രമാണ്. റിയാദില്‍ സ്വന്തമായി ഒരു ബാര്‍ബര്‍ ഷോപ്പ് തുടങ്ങാനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷം, അതിന്റെ ഉത്ഘാടനത്തിന് കോബാര്‍ തുഗ്ബയിലുള്ള സ്‌പോണ്‌സറെയും, സഹോദരനെയും ക്ഷണിയ്ക്കാനായി വളരെ സന്തോഷത്തോടെ പുറപ്പെട്ടപ്പോള്‍, ഭാവിജീവിതത്തെക്കുറിച്ച് ഒട്ടേറെ പ്രതീക്ഷകള്‍ ആയിരുന്നു ആ യുവാവിന് ഉണ്ടായിരുന്നത്. എന്നാല്‍ ബസ്സിലോ മറ്റോ പോകുന്നതിനു പകരം, പൈസ ലഭിയ്ക്കാനായി ഒരു ശ്രീലങ്കക്കാരന്റെ കള്ള-ടാക്‌സിയില്‍ കയറിയതാണ് രതീഷിന് പറ്റിയ അബദ്ധം.
ദമ്മാമിലേക്കുള്ള യാത്രയയ്ക്കിടയില്‍ ചെക്ക് പോസ്റ്റില്‍ വെച്ച് പോലീസ് വാഹനം പരിശോധിച്ചപ്പോള്‍, ഡിക്കിയില്‍ ശ്രീലങ്കക്കാരന്‍ ഒളിപ്പിച്ചു വെച്ചിരുന്ന വാറ്റുചാരായം നിറച്ച പ്ലാസ്റ്റിക്ക് ക്യാനുകള്‍ കണ്ടു പിടിച്ചു. സ്വന്തം തടി രക്ഷിയ്ക്കാനായി, ആ ക്യാനുകളൊക്കെ രതീഷിന്റെയാണെന്നും, താന്‍ വെറും ഡ്രൈവര്‍ മാത്രമാണെന്നും പറഞ്ഞു, ശ്രീലങ്കക്കാരന്‍ കുറ്റം മുഴുവന്‍ രതീഷിന്റെ തലയില്‍ അടിച്ചേല്‍പ്പിച്ചു. പോലീസ് രതീഷിനെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. എത്ര ശ്രമിച്ചിട്ടും കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിയ്ക്കാന്‍ രതീഷിന് കഴിഞ്ഞില്ല. വാദങ്ങള്‍ക്ക് ഒടുവില്‍ രതീഷിന് അഞ്ചു വര്‍ഷം തടവും, 200 അടിയും കോടതി ശിക്ഷ വിധിച്ചു. അങ്ങനെ രതീഷ് ദമ്മാമിലെ ജയിലിലുമായി.
ശിക്ഷ കാലാവധി മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍, രതീഷിന്റെ മോചനത്തിനായി ശ്രമിച്ചു കൊണ്ടിരുന്ന സഹോദരനാണ്, ഈ കേസുമായി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ സക്കീര്‍ ഹുസ്സൈനെയും, പദ്മനാഭന്‍ മണിക്കുട്ടനെയും സമീപിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്. സക്കീറും മണിക്കുട്ടനും ജയില്‍ സന്ദര്‍ശിയ്ക്കുകയും, രതീഷിനെക്കണ്ട് കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കുകയും ചെയ്തു.
മൂന്നുവര്‍ഷമായി രതീഷ്, ജയിലില്‍ നല്ല പെരുമാറ്റം കൊണ്ട് സൗദി അധികൃതരുടെ സ്‌നേഹം നേടിയെടുത്തിരുന്നു. അത് ഉപയോഗിച്ച്, രതീഷിനെ മോചിപ്പിയ്ക്കാനായി സക്കീറും മണിക്കുട്ടനും ശ്രമം തുടങ്ങി. രതീഷിന്റെ ശിക്ഷാകാലാവധി കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സൗദി അധികൃതര്‍ക്ക് അപേക്ഷ നല്‍കുകയും, ജയില്‍ അധികാരികളെയും, മറ്റു ഉദ്യോഗസ്ഥരെയും നിരന്തരമായി കണ്ട് രതീഷിന്റെ അവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്താനും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
അങ്ങനെ ഏറെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍, രതീഷിന്റെ ശിക്ഷാകാലാവധി മൂന്നര വര്‍ഷമായി ചുരുക്കി ഉത്തരവ് ഇറങ്ങി. ആ കാലാവധി പൂര്‍ത്തിയായിക്കഴിഞ്ഞിരുന്ന രതീഷ് ജയില്‍ മോചിതനായി. മണികുട്ടനും സക്കീറും ഇന്‍ഡ്യന്‍ എംബസ്സി വഴി ഔട്ട്പാസ് എടുത്തു കൊടുത്തു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ എക്‌സിറ്റ് അടിച്ചു നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിഞ്ഞു.