തനിക്ക് മുഖ്യമന്ത്രി ആകണം എങ്കില്‍ ഒരു നിമിഷം മതി എന്ന് ഹേമമാലിനി
പഴയകാല ബോളിവുഡ് താരവും ബിജെപി ലോക്‌സഭാ അംഗവുമായ ഹേമമാലിനിയാണ് ആഗ്രഹിച്ചാല്‍ ഒരു നിമിഷം മതി തനിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാനെന്ന് പറഞ്ഞിരിക്കുന്നത്. പക്ഷേ തന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നതിനാലാണ് താനത് ആഗ്രഹിക്കാത്തതെന്നും ഹേമമാലിനി പറഞ്ഞു. രാജസ്ഥാനിലെ ബന്‍സാരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സിനിമ കാരണമാണ് താന്‍ എംപിയായതെന്നും അതിനാല്‍ തന്നെ ഡ്രീം ഗേളെന്നോ ഹേമമാലിനിയെന്നോ വിളിച്ചുകൊള്ളൂയെന്നും ഹേമമാലിനി പറഞ്ഞു.
മുഖ്യമന്ത്രിയാകുന്നതിനേക്കാള്‍ തനിക്കിഷ്ടം മറ്റു താത്പര്യങ്ങള്‍ പരിഗണിക്കാനാണ്. കഴിഞ്ഞ നാലു വര്‍ഷമായി തന്റെ മണ്ഡലത്തില്‍ കഠിനാധ്വാനം ചെയ്യുകയാണ്. മുഖ്യമന്ത്രി എന്ന പദവിയില്‍ തന്നെ കെട്ടിയിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹേമമാലിനി പറഞ്ഞു.
മോദിയെ പോലൊരു പ്രധാനമന്ത്രിയെ കണ്ടെത്തുക എന്നത് ദുഷ്‌കരമാണെന്നും ഹേമമാലിനി പറഞ്ഞു. മറ്റു പാര്‍ട്ടികളിലുള്ളവര്‍ പലതും പറയും. പക്ഷേ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തത് ആരാണെന്നാണ് നാം നോക്കേണ്ടത്. മോദിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും വളര്‍ച്ചയുണ്ടായെന്നും ഹേമമാലിനി പറഞ്ഞു. നിലവില്‍ യോഗി ആദിത്യനാഥ് ആണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി. അതേസമയം ഹേമമാലിനിയുടെ പ്രസ്താവനയോട് യോഗി ഇതുവരെ പ്രതികരിച്ചിട്ടില്ല.