പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഒന്നാമന്‍ ; തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത

പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് താരമായിരുന്ന ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാകിസ്‌താന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പാകിസ്താനിലെ അടുത്ത സര്‍ക്കാര്‍ തൂക്കുസഭയായിരിക്കുമെന്ന റിപ്പോര്‍ട്ടാണ് അന്തിമഫലം വന്നപ്പോള്‍ വ്യക്തമാകുന്നത്. ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ഇമ്രാന്‍ ഖാന് മറ്റു പാര്‍ട്ടികളുടെ പിന്തുണ തേടിയിട്ടുണ്ട്.

ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന്റെ തെഹ്രികെ ഇന്‍സാഫിന് 110 വോട്ടും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗിന് 63 സീറ്റുകളും ബിലാവാല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 42 സീറ്റുകളുമാണ് നേടിയത്. 272 അംഗ സഭയില്‍ 137 സീറ്റുകളാണ് സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യം. 25 ന് നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തു വരുന്നത്. ബുധനാഴ്ച ഇമ്രാന്‍ ഖാന്‍ തന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന എതിരാളികളുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ ഇന്നേവരെയുള്ള ചരിത്രത്തിലെ ഏറ്റവും സുതാര്യമായ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ കഴിഞ്ഞതെന്നും അവകാശപ്പെട്ടു.