പലിശ നിരക്ക് വീണ്ടും ഉയര്‍ത്താന്‍ ആര്‍ ബി ഐ ആലോചന
റിസർവ് ബാങ്കിന്റെ വായ്പാനയ അവലോകന റിപ്പോർട്ട് അടുത്ത മാസം ഒന്നിന് പ്രഖ്യാപിക്കും. ജൂലൈ 30 മുതൽ മൂന്ന് ദിവസം ചേരുന്ന മോണിറ്ററി പോളിസി [എം പി സി] കമ്മറ്റിയുടെ തീരുമാനം എന്തായിരിക്കുമെന്ന ജിജ്ഞാസ ശക്തമാവുകയാണ്. പലിശ നിരക്ക് വീണ്ടും ഉയര്‍ത്താന്‍ ആര്‍ ബി ഐ ആലോചനയുണ്ട് എന്നും വിപണി ആശങ്കപ്പെടുന്നു. അതുപോലെ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് വീണ്ടും ഉയർത്തുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ഇതും എം പി സിയെ സ്വാധീനിക്കുമെന്നത് ഉറപ്പാണ്. ജൂൺ ആറിന് പ്രഖ്യാപിച്ച കഴിഞ്ഞ വായ്പ നയാ അവലോകനത്തിൽ റിസർവ് ബാങ്ക് റീപോ നിരക്ക് കാൽ ശതമാനം ഉയർത്തി 6 .25 ശതമാനമാക്കിയിരുന്നു. റിവേഴ്‌സ് റീപോ നിരക്ക് ആറ് ശതമാനമായും ഉയർത്തി.
ഈ ഘട്ടത്തിൽ റീറ്റെയ്ൽ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഏപ്രിൽ – സെപ്റ്റംബർ കാലയളവിൽ 4 .8 – 4 .9 ശതമാനായി നിയന്ത്രിക്കാനാകുമെന്നാണ് ആർ ബി ഐ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ പ്രതീക്ഷകൾ ഏറെക്കുറെ അസ്ഥാനത്താകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. രൂക്ഷമായ വിലക്കയറ്റമാണ് വിപണിയിലുള്ളത്. പ്രത്യേകിച്ച് അവശ്യവസ്തുക്കളുടെ കാര്യത്തിൽ. എട്ട് ദിവസമായി തുടരുന്ന ട്രക്ക് സമരം സ്ഥിതിഗതികൾ കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ട്.
മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 5 .77 ശതമാനത്തിലേക്ക് ഉയർന്നു. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ജൂണിൽ അഞ്ചു ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. വിലക്കയറ്റം ദുസ്സഹമായ വിധത്തിൽ തുടരുകയും ചെയ്യുന്നു. ചെറിയ ഇടവേളക്ക് ശേഷം എണ്ണ കമ്പനികൾ ഇന്ധന വില ഉയർത്തുകയാണ്. ഈ സാഹചര്യത്തിൽ പലിശ നിരക്കിൽ വീണ്ടും വർധന വരുത്തുന്നതിനുള്ള സാദ്ധ്യതകൾ ശക്തമാണ്. അതുകൊണ്ട് നിരക്ക് 0 .25 ശതമാനം ഉയർത്തുമെന്നാണ് പരക്കെ പ്രതീക്ഷിക്കുന്നത്.