പീച്ചീ ഡാം തുറക്കുന്നു ; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കനത്ത മഴയെ തുടര്‍ന്ന്‍ പീച്ചി ജലസംഭരണി ഇന്ന് തുറക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. ജലവിതാനം 78.6 ഘനമീറ്ററിലെത്തിയ സാഹചര്യത്തില്‍ ഇറിഗേഷന്‍ വകുപ്പ് ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മൂന്നാമത്തെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കാര്‍മേഘം കൂടുതല്‍ ഇരുണ്ടാല്‍ ഡാം ഇനിയൊരു മുന്നറിയിപ്പില്ലാതെ തന്നെ തുറന്നുവിടും. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ മൂന്ന് മില്യണ്‍ മീറ്റര്‍ ക്യൂബ് ജലമാണ് തുറന്നുവിടേണ്ടത്.

ഷട്ടര്‍ അഞ്ച് ഇഞ്ച് മാത്രം പൊക്കിയാല്‍ ഇത്രയും ജലം തുറന്നുവിടാന്‍ കഴിയും. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ ഡാം പരിസരത്ത് ക്യാമ്പ് ചെയ്യുകയാണ്. പീച്ചിയില്‍ കഴിഞ്ഞ ദിവസത്തെ ജലവിതാനം 78.6 മീറ്റര്‍ ആണ്. 74.25 മീറ്ററാണ് പരമാവധി ജലവിതാനം. സംഭരണശേഷിയുടെ 86.56 ശതമാനമായതോടെയാണ് ജാഗ്രത മുന്നറിയിപ്പ് നല്‍കുന്നത്. പരമാവധി സ്റ്റോറേജ് 94.946 ദശലക്ഷം ഘനമീറ്ററാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി 5 ദശലക്ഷം ഘനമീറ്റര്‍ വീതം വെള്ളം ഓരോ ദിവസങ്ങളിലും ഒഴുകിയെത്തിയിരുന്നുവെങ്കിലും മഴയുടെ ശക്തി അല്‍പം കുറഞ്ഞതിനാല്‍ തിങ്കളാഴ്ച ഒഴുകിയെത്തിയത് 2.834 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണ്. തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലും മഴ വീണ്ടും കനത്തതിനാല്‍ നീരൊഴുക്കും ശക്തമായിരുന്നു.

വാഴാനി ഡാമില്‍ ജലവിതാനം 60.12 മീറ്ററിലെത്തി. (പരമാവധി 62.480) 88.18 ശതമാനം വെള്ളം നിറഞ്ഞു. 18.121 ദശലക്ഷ ഘനമീറ്റര്‍ സംഭരണശേഷിയുള്ള ഡാമില്‍ 15.98 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണിന്നുള്ളത്. 61.5മീറ്റര്‍ വെള്ളമായതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.