കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധനം പിന്‍വലിച്ചു ഖത്തര്‍
കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഖത്തര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. നിപ്പ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരു വിലക്ക് ഖത്തര്‍ പ്രഖ്യാപിച്ചത്. നിപ്പ നിയന്ത്രണ വിധേയമായതിന്റെ അടിസ്ഥാനത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ, ഭക്ഷ്യ നിയന്ത്രണ വിഭാഗമാണു നിരോധനം നീക്കിയതായി വ്യക്തമാക്കിയിരിക്കുന്നത്. ഫ്രഷ്, ചില്‍ഡ്, ഫ്രോസണ്‍ എന്നീ മൂന്നു വിഭാഗങ്ങളിലുള്ള പഴം, പച്ചക്കറികളുടെ ഇറക്കുമതിക്കും അനുമതി നല്‍കിയിട്ടുണ്ട്.
മേയ് അവസാനം മുതലാണു ഇറക്കുമതിക്കു ഖത്തര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. 45 ദിവസം നീണ്ടു നിന്ന നിരോധനത്തെ തുടർന്ന് കേരളത്തിൽനിന്ന് ഇറക്കുമതി ചെയ്തിരുന്ന ചിലയിനം പഴങ്ങൾക്കും പച്ചക്കറികൾക്കും നേരിയ തോതിൽ ക്ഷാമം നേരിട്ടിരുന്നു. അതേസമയം, പ്രവാസി മലയാളികളിൽ ഭൂരിഭാഗവും വേനലവധിക്കായി നാട്ടിലേക്കു പോയതിനാൽ അതു കാര്യമായി ബാധിച്ചില്ല. നിയന്ത്രണം ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് പാക്കിസ്ഥാന് ആയിരുന്നു. കേരളത്തിന് നിരോധനം വന്നപ്പോള്‍ പാക്കിസ്ഥാനില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്കാണ് കയറ്റുമതി കൂടിയത്.