പത്തനംതിട്ടയില്‍ പിടിമുറുക്കാന്‍ ബി.ജെ.പി
പത്തനംതിട്ട: പാര്‍ലമെന്റിലാക്ഷന് മുന്നോടിയായി കേരളത്തിലെ മൂന്ന് മുന്നണികളും ചര്‍ച്ചകളും പ്രവര്‍ത്തനവും ആരംഭിച്ച് കഴിഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.ജെ തോമസിന്റെ പേര് ഏറെകുറെ തീരുമാനമായ സാഹചര്യത്തിലാണ് ബി.ജെ.പി ക്യാമ്പ് പത്തനംതിട്ടയില്‍ പോരാട്ടം കടുപ്പിക്കാന്‍ കച്ചകെട്ടുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.ജെ തോമസ് തന്നെയാണ് വരുന്നതെങ്കില്‍ തിരുവനന്തപുരവും, കാസര്‍ഗോഡും കഴിഞ്ഞാല്‍ പാര്‍ലമെന്റിലക്ഷനില്‍ തങ്ങള്‍ക്ക് വിജയ സാധ്യതയുള്ളതായി കാണുന്ന മൂന്നാമത്തെ മണ്ഡലം പത്തനംതിട്ടയാണെന്നതാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.
പത്തനംതിട്ടയില്‍ യു.ഡി.എഫിന് സിറ്റിങ് എം.പി യായ ആന്റോ ആന്റണി മത്സരിക്കുവനാണ് സാധ്യത. ഈ സാഹചര്യത്തില്‍ സി.പി.എം ക്രിസ്ത്യന്‍ വോട്ടുകളെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.ജെ. തോമസിനെ കളത്തിലിറക്കാനൊരുങ്ങുന്നത്, കെ.ജെ. തോമസിന് കാഞ്ഞിരപ്പിള്ളി ബിഷപ്പ് മാത്യു അറക്കലിന്റെ പിന്തുണയുമുണ്ടാകുമെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം ഇത്തരത്തിലൊരു പരീക്ഷണത്തിനായി ഒരുങ്ങുന്നത്, എന്നാലിത് ഹിന്ദു വോട്ടുകളുടെ ദ്രുവീകരണത്തിലൂടെ ഇപ്പോള്‍ കേന്ദ്രമന്ത്രി കൂടിയായ അല്‍ഫോന്‍സ് കണ്ണന്താനത്തെ കളത്തിലിറക്കി മേല്‍കൈ നേടാമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച എം.ടി രമേശ് 138,954 വോട്ടിന്റെ മികച്ച വോട്ട് ഷെയര്‍ നേടിയിരുന്നു. മണ്ഡലത്തില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും തന്നെ നടത്താന്‍ സാധിക്കാത്ത സിറ്റിങ് എം.പി ആന്റോ ആന്റണിയെ മത്സരിപ്പിക്കരുതെന്ന വാദവുമായി കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗം രംഗത്തുണ്ട്. അധികം അറിയപ്പെടാത്ത കെ.ജെ തോമസ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവുക കൂടിയാണെങ്കില്‍ പത്തനംതിട്ട തങ്ങള്‍ക്ക് കേരളത്തിലെ മറ്റേത് മണ്ഡലത്തെക്കാള്‍ വിജയ സാധ്യതയുള്ള മണ്ഡലമാണെന്ന വാദത്തിലാണ് ബി.ജെ.പി.