ലാവ് ലിന്‍ കേസില്‍ പിണറായി കോടതിയില്‍ വിചാരണ നേരിടണം എന്ന് സിബിഐ
ലാവ്‌ലിന്‍ കേസില്‍ വീണ്ടും കുടുങ്ങി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ പിണറായി വിചാരണ നേരിടണമെന്ന് സിബിഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി . കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധയില്‍ പിഴവുണ്ടെന്നും ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ ഒരു മാറ്റവും വരില്ലെന്നും സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കി.
കേസില്‍ നിന്ന് മുന്‍ വൈദ്യതി മന്ത്രിയായിരുന്ന പിണറായിയേയും ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാന്‍സിസ് എന്നിവരെയും ഹൈക്കോടതി ഒഴിവാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത്, വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച കെ.ജി.രാജശേഖരന്‍, ആര്‍.ശിവദാസന്‍, കസ്തുരിരംഗ അയ്യര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ നിലപാട് അറിയിച്ചത്.
ജി.കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ 1996 ഫെബ്രുവരി രണ്ടിനാണ് ലാവ്‌ലിനുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പു വച്ചത്. എന്നാല്‍ 1997 ഫെബ്രുവരി 10ന് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആയി മാറ്റി. കരാറിലെ ഈ മാറ്റം ലാവ്‌ലിന്‍ കമ്പനിയുടെ അതിഥിയായി വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ കാനഡയില്‍ ഉള്ളപ്പോള്‍ ആയിരുന്നു. ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന കെ മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാന്‍സിസ് എന്നിവര്‍ അറിയാതെ കരാറില്‍ മാറ്റം ഉണ്ടാകില്ലെന്നും സിബിഐ വ്യക്തമാക്കി.
പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം എന്നീ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനി എസ്എന്‍സി ലാവ്‌ലിന്‍ ഉണ്ടാക്കിയ കരാറിലൂടെ സംസ്ഥാന വൈദ്യുത വകുപ്പിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കമ്പനിക്ക് വന്‍ ലാഭമുണ്ടായെന്നുമാണ് ആരോപണം.
കേസില്‍ പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ 2017 ഓഗസ്റ്റ് 23നാണ് കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു.
അതേസമയം, കേസിലുള്ള മൂന്ന് പേരെ ഒഴിവാക്കിയതിന് സമാനമായ വിധിയിലൂടെ തങ്ങളെയും ഒഴിവാക്കണെമെന്ന് രാജശേഖരന്‍ നായരും ശിവദാസനും കസ്തൂരിരംഗ അയ്യരും ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാവരും വിചാരണ നേരിടട്ടെയെന്നും മൂന്നുപേരെ ഒഴിവാക്കുകയും മൂന്നുപേര്‍ വിചാരണ നേരിടണമെന്നു വിധിക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ലെന്നുമാണ് സിബിഐ വാദിച്ചത്.