ലാ ലീഗ ; ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി ; തോല്‍വി അഞ്ചു ഗോളിന്
ലാ ലിഗ വേള്‍ഡ് ഫുട്‌ബോളില്‍ ഒരു ഗോള്‍ പോലും തിരിച്ചടിക്കാനാകാതെ ബ്ലാസ്‌റ്റേഴ്‌സ് ജിറോണ എഫ്.സിയോട് തോല്‍വി ഏറ്റുവാങ്ങി. എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു ജിറോണ എഫ്.സിയുടെ വിജയം. ഇതോടെ ലാ ലിഗ വേള്‍ഡ് കിരീടം സ്പാനിഷ് ക്ലബ്ബിന്റെ അക്കൗണ്ടിലെത്തി. ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച ചരിത്രമുള്ള ജിറോണ എഫ്.സിയ്ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42-ാം മിനിറ്റ് വരെ ജിറോണയെ ഗോളടിപ്പിക്കാതെ ബ്ലാസ്റ്റേഴ്സിന് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു എന്നത് മാത്രമാണ് ചെറിയ ഒരു നേട്ടം. എറിക് മോണ്ടെസ്, പെഡ്രോ പോറോ, അലെക്സ് ഗ്രാനെല്‍, ബെനിറ്റെസ് കാരാബെല്ലൊ, അലെക്‌സ് ഗാര്‍ഷ്യ എന്നിവരാണ് ലക്ഷ്യം കണ്ടത്. വലതു വിങ്ങില്‍ ബോക്സിനുള്ളിലേക്ക് പന്തുമായി ഓടിക്കയറിയ എറിക് മോണ്ടെസ് ഒന്നാന്തരമൊരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. ജിറോണ മുന്നില്‍.
54-ാം മിനിറ്റില്‍ ജിറോണ വീണ്ടും വല ചലിപ്പിച്ചു. പെഡ്രോ പോറോയുടെ ക്രോസ് സന്ദേശ് ജിങ്കന് ക്ലിയര്‍ ചെയ്യാനായില്ല. ജിറോണയ്ക്ക് വീണ്ടും ലീഡ്. മൂന്നു മിനിറ്റിനുള്ളില്‍ ജിറോണ ലീഡ് മൂന്നാക്കി ഉയര്‍ത്തി. യോന്‍ മാനി ബോക്സിലേക്ക് നല്‍കിയ ക്രോസ് അലെക്സ് ഗ്രാനെല്‍ ലക്ഷ്യത്തിലെത്തിച്ചു. ജിറോണ 3-0 ബ്ലാസ്റ്റേഴ്സ്.
73-ാ മിനിറ്റില്‍ മലയാളി താരം അനസ് എടത്തൊടികയുടെ പിഴവില്‍ നിന്നാണ ജിറോണയുടെ നാലാം ഗോള്‍ വന്നത്. ബെനിറ്റെസ് കാരാബെല്ലോയുടെ ഷോട്ട് അനസിന്റെ കാലില്‍ തട്ടി വഴി തിരിഞ്ഞ് വലയില്‍ കയറുകയായിരുന്നു. പിന്നീട് ഇഞ്ചുറി ടൈമില്‍ ജിറോണ വീണ്ടും ലീഡെടുത്തു. 92-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അലെക്‌സ് ഗാര്‍ഷ്യ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ എഫ്.സി.യോട് മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. ഇതോടെ ഒരൊറ്റ ഗോള്‍ പോലും അടിക്കാനാകാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രീ സീസണ്‍ അവസാനിപ്പിക്കുന്നത്. അതേസമയം മെല്‍ബണ്‍ എഫ്.സിയെ ജിറോണ എതിരില്ലാത്ത ആറു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.