റാഫേല്‍ ഇടപാട് ; മോദിയുടെ സുഹൃത്തിന് അടുത്ത അമ്പതുവര്‍ഷം ഇന്ത്യന്‍ ജനത 1 ലക്ഷം കോടി തിരിച്ചു നല്‍കേണ്ടിവരും
റഫാല്‍ ഇടപാട് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കടത്തുന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ പേരെടുത്ത് പറയാതെ അടുത്ത 50 വര്‍ഷം കാലം 1 ലക്ഷം കോടി നികുതിദായകര്‍ ‘മിസ്റ്റര്‍ 56 ന്റെ സുഹൃത്തിനായി നല്‍കമണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വീറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇന്ത്യ പുതിയതായി വാങ്ങുന്ന 36 റാഫെല്‍ വിമാനങ്ങളുടെ പേരിലായിരിക്കും ഈ തുക നികുതിദായകര്‍ നല്‍കേണ്ടി വരികയെന്നും രാഹുല്‍ വ്യക്തമാക്കി.
വിവാദമായ ഈ ഇടപാടില്‍ ഫ്രാന്‍സില്‍ നിന്നും 60,000 കോടി രൂപയ്ക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ അഴിമതിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്ന റഫേല്‍ ഇടപാടിലൂടെ 30,000 കോടി രൂപയാണ് അനില്‍ അംബാനിയുടെ കമ്പനിക്ക് ലഭിക്കുക. കരാര്‍ പ്രകാരം ഫ്രഞ്ച് പോര്‍വിമാന നിര്‍മ്മാതാക്കളായ ഡസോള്‍ട്ട് ഏവിയേഷനും റിലയന്‍സ് ഗ്രൂപ്പും ചേര്‍ന്നാണ് യുദ്ധവിമാനം നിര്‍മ്മിക്കുന്നത്.
ഈ കരാര്‍ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് റിലയന്‍സ് ഡിഫിന്‍സ് ലിമിറ്റഡിന് നല്‍കിയത്. പ്രതിരോധ മേഖലയില്‍ സുപ്രധാന കരാറില്‍ വന്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശക്തിപകരുന്നതാണ് പുതിയ വിവരങ്ങള്‍. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎല്‍) ഒഴിവാക്കി യാതൊരു ഉപകരണങ്ങളും നിര്‍മിച്ച പരിചയമില്ലാത്ത പുതിയ സ്ഥാപനത്തിന് കരാര്‍ നല്‍കിയ തീരുമാനമാണ് മോദി സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്.
നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വെബ്സൈറ്റിലെ റഫാല്‍ ഇടപാട് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിവരങ്ങള്‍ വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. 2015 ഏപ്രില്‍ മാസം നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ് മോദി റഫാല്‍ ഇടപാട് ഒപ്പിട്ടത്. ഈ സന്ദര്‍ശനത്തിന് കേവലം പത്തു ദിവസം മുമ്പ് മാത്രമാണ് കരാര്‍ ലഭിച്ച അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫിന്‍സ് ലിമിറ്റഡ് അഞ്ചു ലക്ഷം രൂപ മുതല്‍മുടക്കി കമ്പനി രൂപീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
പാര്‍ലമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നടത്തിയ പ്രസംഗത്തിലും റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെതിരെയും രാഹുല്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.