വള്ളം മറിഞ്ഞ് മരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കുള്ള ഐപിസിഎന്‍എ സഹായധനം: ലക്ഷ്യം നിറവേറ്റിയത് 2 മണിക്കൂറിനുള്ളില്‍
പി. പി. ചെറിയാന്‍
ഡാലസ്: കോട്ടയം മുണ്ടാറില്‍ വള്ളം മറിഞ്ഞു മരിച്ച മാധ്യമ പ്രവര്‍ത്തകരായ സജി, ബിപിന്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രഖ്യാപിച്ച ഓരോ ലക്ഷം രൂപയുടെ സഹായധനം എന്ന ലക്ഷ്യം നിറവേറ്റിയത് രണ്ടു മണിക്കൂറിനുള്ളില്‍. അപകടത്തെക്കുറിച്ചു വിശദവിവരങ്ങള്‍ പുറത്തു വന്നയുടനെ വിളിച്ചു ചേര്‍ത്ത് ഐപിസിഎന്‍എയുടെ നാഷണല്‍ എക്സിക്യൂട്ടീവ് മരിച്ച ഇരുവരുടേയും കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര സഹായധനമായ ഓരോ ലക്ഷം രൂപ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
തീരുമാനം സോഷ്യല്‍ മീഡിയയിലൂടെ ക്ലബ് അംഗങ്ങളെ അറിയിച്ചപ്പോള്‍ വളരെ അനുകൂല പ്രതികരണമാണുണ്ടായത്. രണ്ടു മണിക്കൂറിനുള്ളില്‍ ലക്ഷ്യം നിറവേറ്റി തുടര്‍ന്നും നിരവധി പേര്‍ സഹായം വാഗ്ദാനവുമായി മുന്നോട്ടുവന്നിരിക്കുന്നു.
അപകടത്തില്‍ മരിച്ച മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ സജി (46) ഭാര്യയും വിദ്യാര്‍ഥിനികളായ രണ്ടു പെണ്‍മക്കളുടേയും ഏക ആശ്രയമായിരുന്നു. തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ബിപിന്‍ അവിവാഹിതനാണ്.
കാലവര്‍ഷ കെടുതി മൂലം ദുരിതം അനുഭവിക്കുന്നവരുടെ ജീവിതം അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന സഹപ്രവര്‍ത്തകരുടെ കുടുംബംഗങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കാന്‍ സഹകരിച്ച എല്ലാ പ്രസ് ക്ലബ് അംഗങ്ങളോടും സുഹൃത്തുക്കളോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ശേഖരിച്ച തുകയുടെ ചെക്ക് ഈ ആഴ്ച തന്നെ ബന്ധപ്പെട്ടവരെ ഏല്‍പിക്കുമെന്നും പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം എന്നിവര്‍ അറിയിച്ചു.