ആധാര്‍ നമ്പര്‍ പരസ്യമാക്കി വെല്ലുവിളിച്ച ട്രായി ചെയര്‍മാന് കിട്ടിയത് എട്ടിന്റെ പണി ; നിമിഷങ്ങള്‍ കൊണ്ട് മറുപടി കൊടുത്ത് ഹാക്കര്‍
അതേ നമ്മുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ ജീവന്‍ തന്നെ ഇല്ലാതാകാം. ആധാര്‍ വിവരങ്ങള്‍ ചോരുന്നത് ചെറിയ കാര്യമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഫ്രഞ്ച് ഹാക്കര്‍ ആയ എലിയോറ്റ് ആണ്ട്രൂസന്‍. ട്രായി ചെയര്‍മാന്‍ ആയ ആര്‍ എസ് ശര്‍മ്മയുടെ വെല്ലുവിളി ഏറ്റെടുത്ത സമയമാണ് ഇന്ത്യന്‍ ജനതയുടെ നിസ്സഹായത എത്രത്തോളമാണ് എന്ന് അയാള്‍ തെളിയിച്ചത്. ട്രായി ചെയര്‍മാന്‍ ആയ ആര്‍ എസ് ശര്‍മ്മ കഴിഞ്ഞ ദിവസം തന്‍റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയിരുന്നു. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ശര്‍മ്മ തന്‍റെ പന്ത്രണ്ടക്ക ആധാര്‍ ഡിജിറ്റല്‍ നമ്പര്‍ പരസ്യമാക്കിയത്.
“ഇതാ എന്റെ ആധാര്‍ നമ്പര്‍.ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു, ഈ നമ്പര്‍ വെച്ച് എനിക്ക് ദോഷം വരുന്ന രീതിയില്‍ എന്തെങ്കിലും ചെയ്തു കാണിക്കു” എന്നാണു ശര്‍മ്മ വെല്ലുവിളി നടത്തിയത്. ഇതിനു പിന്നാലെ എലിയോറ്റ് ആണ്ട്രൂസന്‍ തന്‍റെ ട്വിറ്ററില്ലൂടെ ശര്‍മ്മയ്ക്ക് മറുപടി നല്‍കുകയായിരുന്നു. ശര്‍മ്മയുടെ സ്വകാര്യ മേല്‍ വിലാസം, ഫോണ്‍ നമ്പര്‍, ഭാര്യയുമായുള്ള ചിത്രം, ജനന തീയതി എന്ന് വേണ്ട ആധാറുമായി ലിങ്ക് ചെയ്ത എല്ലാം നിമിഷങ്ങള്‍ കൊണ്ട് ഹാക്കര്‍ കണ്ടെത്തുകയായിരുന്നു.
“നിങ്ങളുടെ ആധാര്‍ നമ്പര്‍ ലഭിച്ചാല്‍ മറ്റുള്ളവര്‍ക്ക് എല്ലാ വിവരങ്ങളും ലഭ്യമാകാന്‍ എളുപ്പമാണ്. ഞാന്‍ ഇവിടെ നിര്‍ത്തുന്നു ആധാര്‍ നമ്പര്‍ പുറത്തായാല്‍ ഉള്ള ഭവിഷ്യത്തുകള്‍ താങ്കള്‍ക്ക് മനസിലായി കാണുമെന്നു വിശ്വസിക്കുന്നു”. ആണ്ട്രൂസന്‍ മറുപടിയില്‍ പറയുന്നു. ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്ന വ്യക്തിയാണ് ശര്‍മ്മ. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ പൌരന്മാരുടെ ജീവനും സ്വത്തിനും ദോഷം സംഭവിക്കുമെന്ന് പല കോണുകളില്‍ നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അതൊന്നും ചെവിക്കൊള്ളുവാന്‍ ശര്‍മ്മ തയ്യാറായിരുന്നില്ല.
അതുകൊണ്ടുതന്നെയാണ് ആധാര്‍ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കല്‍ സുരക്ഷിതമാണ് എന്ന് തെളിയിക്കാന്‍ ശര്‍മ്മ ഇത്തരം ഒരു സാഹസത്തിനു മുതിര്‍ന്നത്. വിവരങ്ങള്‍ ചോര്‍ത്തിയ ഹാക്കര്‍ നല്‍കിയ സ്ക്രീന്‍ ഷോട്ടുകളില്‍ ശര്‍മ്മയുടെ പാന്‍ കാര്‍ഡ് നമ്പര്‍ പോലും ലഭ്യമായിരുന്നു.