റായ്ഗഢില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 മരണം
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. പത്തിലധികം പേര്‍ക്കു പരുക്കേറ്റു. കൊങ്കണ്‍ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ ജോലിക്കാരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ദാപോളിയില്‍നിന്ന് മഹാബലേശ്വറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. നിബിഡ വനത്തോട് ചേര്‍ന്നാണ് അപകടം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇവിടേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ച് കിട്ടാത്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മാത്രമല്ല, അപകട വിവരം അധികാരികള്‍ അറിയാനും വൈകി.
അപകടത്തില്‍ പരുക്കേറ്റ യാത്രക്കാരിലൊരാളാണ് റോഡിലേക്ക് കയറിവന്ന് അപകടവിവരം വഴിയേ പോയവരെ അറിയിച്ചതെന്ന് സ്ഥലം എംഎല്‍എ ഭരത് ഗോഗ്വാലെ അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.