മലയോരമേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ യാത്ര പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദേശം.

ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു.
ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറി താമസിക്കാന്‍ അമാന്തം കാണിക്കരുത്.
പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.