ഇത്തവണ മലയാളിയുടെ ഓണം കടുപ്പമാകും ; കൈയ്യില്‍ കാശില്ലാതെ നട്ടം തിരിഞ്ഞു സര്‍ക്കാര്‍

ഓണം പടിവാതില്‍ക്കല്‍ എത്തിയിട്ടും കൈയ്യില്‍ കാശില്ലാതെ നട്ടം തിരിയുകയാണ് സര്‍ക്കാര്‍. ഒരാഴ്ചയിലധികം നീണ്ട ലോറി സമരവും പ്രളയക്കെടുതിയും ജിഎസ്ടിയുമടക്കം ഇത്തവണ ഓണച്ചെലവിന് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു ‍. ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാരിന് വന്ന അധിക ചെലവുകളും വരുമാന കമ്മിയുമാണ് ഇപ്പോള്‍ തിരിച്ചടിയായത്.

ലോറി സമരം മൂലമുണ്ടായ വരുമാനക്കുറവ് നികത്തുക, പ്രളയദുരിതം നേരിടുക, വിഭവങ്ങളുടെ ലഭ്യതകുറവ് പരിഹരിക്കുക എന്നിങ്ങനെ വലിയ കടമ്പയാണുള്ളത് ഓണത്തിന് മുമ്പ് സര്‍ക്കാരിനുള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അധികവിഭവസമാഹരണം സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്. അതേസമയം, സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭിക്കേണ്ട ക്ഷേമ പെന്‍ഷന്‍ ഓണത്തിനു മുമ്പ് കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യുമെന്ന് തൊഴില്‍- നൈപുണ്യവികസന- എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.

നോട്ട് നിരോധനവും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതി പരിഷ്‌കരണമായ ജി.എസ്.ടിയും പോലുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഏത് പ്രതിസന്ധി നേരിടേണ്ടി വന്നാലും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട പെന്‍ഷന്‍ തുക പൂര്‍ണ്ണമായും കുടിശ്ശിക സഹിതം ഓണത്തിനു മുമ്പ് തന്നെ നല്‍കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദസര്‍ക്കാര്‍ കൊട്ടിഘോഷിച്ച ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം ഇതുവരെ നികുതിവരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടായിട്ടില്ല. മാത്രമല്ല, പ്രതീക്ഷിച്ചിതിനേക്കാള്‍ 300 കോടി രൂപയുടെ കുറവ് നികുതി വരുമാനത്തില്‍ ഉണ്ടാകുകയും ചെയ്തു എന്നാണ് വിലയിരുത്തല്‍. ഇതിനിടെയുണ്ടായ പ്രളയക്കെടുതിയും ലോറി സമരവും കൂടുതല്‍ നഷ്ടത്തിലേക്ക് സമ്പദ്‌വ്യവസ്ഥയെ കൊണ്ടെത്തിച്ചു. വെളളപ്പൊക്കത്തിലുണ്ടായ കൃഷിനാശം കാര്‍ഷിക മേഖലയെ തകിടം മറിച്ചു. ഒപ്പം വന്ന ലോറി സമരം വ്യാപാരമേഖലയെ പൂര്‍ണമായും സ്തംഭിപ്പിച്ചു. ലോറിസമരം പിന്‍വലിച്ചെങ്കിലും അതുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ഓണത്തിന് മുമ്പേ സംസ്ഥാനം കരകയറുമോ എന്നതാണ് സംസ്ഥാനത്തെ സാമ്പത്തിക വിദഗ്ധര്‍ ഉറ്റു നോക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി വിപണി വ്യാപാരം മൂന്നിലൊന്നായി കുറഞ്ഞു. സംസ്ഥാന വരുമാനത്തിന്റെ 25 ശതമാനത്തോളം നിര്‍മാണമേഖലയില്‍ നിന്നാണ്. ലോറി സമരം നിര്‍മാണ മേഖലയെയും വന്‍തോതില്‍ ബാധിച്ചു. ജിഎസ്ടിയില്‍ 200 കോടിയോളം രൂപയുടെ നഷ്ടമുണ്ടായത് മേയില്‍ നികുതി വളര്‍ച്ച ഏഴിലേക്കു താഴാന്‍ കാരണമായി. ജിഎസ്ടിയില്‍ കുറവുണ്ടായപ്പോള്‍ വാറ്റ് നികുതിയാലും ഏകദേശം 150 കോടിയുടെ കുറവുണ്ടായി.