റാഫേല്‍ അഴിമതി ആരോപണം ; അംബാനിയെ ന്യായീകരിച്ച് മോദി രംഗത്ത്

ഒരു വിമാനം പോലും നിര്‍മ്മിച്ച് പരിചയമില്ലാത്ത റിലയന്‍സ് കമ്പനിക്ക് റാഫേല്‍ കരാര്‍ നല്കിയത് മുകേഷ് അംബാനിക്ക് കൊള്ളലാഭമുണ്ടാക്കാനാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെ അംബാനിയെയും അതുപോലുള്ള വന്‍കിട കുത്തക കമ്പനികളെയും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. വ്യവസായികളെ നിന്ദിക്കുന്നത് എന്തിനാണെന്ന് കോണ്‍ഗ്രസിനോട് മോദി ചോദിക്കുന്നു. വ്യവസായികള്‍ രാജ്യത്തിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്നവരാണെന്നും അവര്‍ക്കൊപ്പം കാണപ്പെടുന്നതിന്റെ പേരില്‍ നേരിടേണ്ടിവരുന്ന ആക്രമണങ്ങളെ താന്‍ ഭയക്കുന്നില്ല എന്നും മോദി പറയുന്നു.

വിവാദ വ്യവസായികളായ നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുമായുള്ള അടുപ്പത്തിന്റെ പേരില്‍ മോദിക്കെതിരെയും ആരോപണങ്ങള്‍ ശക്തമാണ്. ഇവയ്‌ക്കെല്ലാമുള്ള മറുപടിയെന്ന നിലയിലാണ് വ്യവസായികളോടൊപ്പം കാണപ്പെടുന്നതില്‍ തനിക്ക് ഭയമൊന്നുമില്ലെന്ന് മോദി വ്യക്തമാക്കിയിരിക്കുന്നത്. പരസ്യമായി വ്യവസായികളെ കാണാന്‍ മടിക്കുകയും രഹസ്യമായി അവരുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നവരാണല്ലോ മറ്റുള്ളവര്‍! അവരൊക്കെ യാത്രചെയ്യുന്നത് ആരുടെ വിമാനങ്ങളിലാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നെന്തിനാണ് വ്യവസായികളെ ഇങ്ങനെ നിന്ദിക്കുന്നത്.

രാജ്യ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ് അവര്‍ അവരെയെന്തിനാണ് കള്ളന്മാരെന്ന് വിളിക്കുന്നത്.’ കോണ്‍ഗ്രസിനെ പരോക്ഷമായി സൂചിപ്പിച്ച് മോദി ചോദിച്ചു. സ്വാതന്ത്ര്യസമരത്തിന് പിന്തുണ നല്കിയതിന്റെ പേരില്‍ ബിര്‍ളാ ഹൗസില്‍ വ്യവസായിക്കൊപ്പം കഴിയാന്‍ പോലും മഹാത്മാഗാന്ധി തയ്യാറായിട്ടുണ്ടല്ലോ എന്നും മോദി ഓര്‍മ്മിപ്പിച്ചു.