ഹനാനെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ട കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍

കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിര സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ ഒരാള്‍ കൂടി പോലീസ് പിടിയില്‍.ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ അപമാനിച്ചതിനും, ഐടി ആക്ട് അനുസരിച്ചും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെ വയനാട് സ്വദേശി നൂര്‍ദ്ദീന്‍ ഷെയ്ഖിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴി യുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടി ഉണ്ടാകുമെന്നു പോലീസ് പറയുന്നു.

പെണ്‍കുട്ടിയെ അപമാനിക്കുന്ന രീതിയില്‍ അശ്ലീല പോസ്റ്റിട്ടവരെയാണ് പോലീസ് ആദ്യഘട്ടത്തില്‍ അറസ്റ്റു ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നും എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി പറഞ്ഞു. ഹനാനെ അപമാനിക്കുന്ന പോസ്റ്റിട്ടവര്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയതോടെ പോസ്റ്റിട്ടവരില്‍ പലരും പോസ്റ്റ്‌ പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്റ്റുകളുടെ എല്ലാം തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകും.