പെണ്ണുങ്ങള്‍ കാറോടിച്ചത് ഇഷ്ടമായില്ല; ഏറ്റുമാനൂരില്‍ യുവാക്കള്‍ യുവതിയുടെ കാറിന്‍റെ കാറ്റഴിച്ചു വിട്ടു

ലോകത്ത് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവാദം ഇല്ലാതിരുന്ന രാജ്യമായിരുന്നു സൌദിഅറേബ്യ. എന്നാല്‍ കാലം മാറിയതോടെ അവിടെയും സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അധികാരികള്‍ അനുവാദം കൊടുത്തു കഴിഞ്ഞു. എന്നാല്‍ സാംസ്ക്കാര സമ്പന്നം എന്ന് വീമ്പിളക്കുന്ന കേരളത്തില്‍ ഇപ്പോഴും വാഹനം ഓടിക്കുന്ന സ്ത്രീകളെ കണ്ടാല്‍ ചിലര്‍ക്ക് കുരുപൊട്ടും. അതുകൊണ്ട് തന്നെയാകും ഏറ്റുമാനൂരില്‍ എം.സി.റോഡില്‍ തവളക്കുഴിഭാഗത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന യുവതിയുടെ കാറിന്റെ ടയറിലെ കാറ്റഴിച്ചുവിടുകയും വീല്‍കപ്പ് ഊരിയെടുക്കുകയും ചെയ്തത്.

ഇതിനെത്തുടര്‍ന്ന് കാര്‍ യാത്രക്കാരായ യുവതിയും രണ്ട് പെണ്‍കുട്ടികളും വഴിയില്‍ മണിക്കൂറുകളോളം കുടുങ്ങി. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി കുളത്തിങ്കല്‍ ഷാജി കെ.ജോസഫ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. ബാങ്ക് ടെസ്റ്റ് എഴുതാനെത്തിയതായിരുന്നു ഷാജിയുടെ ഭാര്യ ഷെറിനും രണ്ടു പെണ്‍കുട്ടികളും. പരീക്ഷ കഴിഞ്ഞ് തിരികെ വരുമ്പോഴാണ് കാറിന്റെ കാറ്റഴിച്ചുവിട്ടതായി മനസ്സിലാക്കിയത്. വീല്‍കപ്പ് ഊരി മാറ്റിയ നിലയിലായിരുന്നു. സമീപവാസികളായ യുവാക്കളാണ് പിന്നില്‍ എന്ന് നാട്ടുകാര്‍ പറയുന്നു.