വിദഗ്ധ ചികിത്സയ്ക്കായി പിണറായി വീണ്ടും അമേരിക്കയില്‍
വിദഗ്ധ ചികില്‍സയ്ക്കായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും യുഎസിലേക്ക്. യുഎസിലെ പ്രശസ്തമായ മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികില്‍സയ്ക്കാണ് മുഖ്യമന്ത്രി വിധേയനാകുക. ഓഗസ്റ്റ് 19 മുതലാണ് പരിശോധന തുടങ്ങുന്നത്. കഴിഞ്ഞ ജൂലൈ 18 വരെ 13 ദിവസം മുഖ്യമന്ത്രി യുഎസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നും അദ്ദേഹം മയോ ക്ലിനിക്കില്‍ പരിശോധനയ്ക്കായി എത്തിയിരുന്നതായാണു വിവരം. സന്ദര്‍ശനത്തില്‍ ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ചികില്‍സാ ചെലവുകള്‍ പൂര്‍ണമായും വഹിക്കുന്നത് സര്‍ക്കാരായിരിക്കും.
യുഎസിലെ മിനസോട്ടയിലാണു പ്രശസ്തമായ മയോ ക്ലിനിക്. പ്രമേഹം, നാഡികള്‍, ഹൃദയം, കാന്‍സര്‍ സംബന്ധമായ അസുഖങ്ങള്‍ക്കു ലോകത്തിലെ ഏറ്റവും മികച്ച ചികില്‍സ നല്‍കുന്ന സ്ഥാപനമാണിത്. മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, നിയമസഭാ സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍ എന്നിവരും മയോ ക്ലിനിക്കില്‍ ചികില്‍സ തേടിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് മൂന്നിനു മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. എന്നാല്‍ അതു പതിവായുള്ള മെഡിക്കല്‍ പരിശോധന മാത്രമാണെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്.