കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമം ; വൈദികന്‍ ജെയിംസ് എയിര്‍ത്തലിനെതിരെ പോലീസ് കേസ്
കൊച്ചി : ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സിസ്റ്റര്‍ അനുപമയെ വിളിച്ച് സ്വാധിനിക്കാന്‍ ശ്രമിച്ച വൈദികന്‍ ജെയിംസ് എയിര്‍ത്തലിനെതിരെ പോലീസ് കേസ്. കുറവിലങ്ങാട് പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാളുടെ പേരില്‍ മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തല്‍, പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
ഇയാള്‍ക്കെതിരെ നടപടിയെടുത്ത സഭ കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍ നിന്ന് ഇടുക്കിയിലെ സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു. കൂടാതെ ആശ്രമത്തിന്റെ പ്രിയോര്‍, സ്‌കൂളുകളുടെ മാനേജര്‍ എന്നീ പദവികളില്‍ നിന്നും ഇയാളെ ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് ഫാ. ജെയിംസ് സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് ബിഷപ്പിനെതിരായ കേസില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുകയും വന്‍വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തത്. 11 മിനുട്ടു നീണ്ടുനിന്ന സംഭാഷണം പുറത്താകുകയും ചെയ്തിരുന്നു.
ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ചയാളാണ് സിസ്റ്റര്‍ അനുപമ. പത്തേക്കര്‍ സ്ഥലവും മഠവുമായിരുന്നു സിസ്റ്റര്‍ അനുപമയ്ക്ക് ജെയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ലെന്നായിരുന്നു സംഭവത്തോടുള്ള ജലന്ധര്‍ രൂപതാ സെക്രട്ടറിയുടെ പ്രതികരണം.