പെരുമ്പാവൂരില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തി ; അന്യദേശ തൊഴിലാളി പിടിയില്‍
പെരുമ്പാവൂര്‍ ഇടത്തിക്കോടില് ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളേജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥിനി അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ (19)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശി ബിദു പട്നായിക്കിനെ പൊലീസ് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കുട്ടിയുടെ പിതാവിനും അയല്‍വാസികള്‍ക്കും പരിക്കേറ്റു. മാല മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞതാണ് കൊലപാതകത്തിനു കാരണമായത്. പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയാണ് പിടിയിലായത്.
വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. മോഷണശ്രമം തടഞ്ഞ പെണ്‍കുട്ടിയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയവരെയും പ്രതി ആക്രമിച്ചു.
കഴുത്തിന് വെട്ടേറ്റ നിമിഷയെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്. ഈ കുടുംബവുമായി അക്രമം നടത്തിയ ഇതരസംസ്ഥാനതൊഴിലാളിക്ക് മുന്‍പരിചയമുണ്ടായിരുന്നെന്ന് സൂചനയുണ്ട്. രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ ബിജു നിമിഷയുടെ വല്യമ്മയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിക്കുകയായിരുന്നു.ഇത് തടയുന്നതിനിടെയാണ് പിടിവലിക്കിടെ നിമിഷയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഉന്നത പോലീസുദ്യോഗസ്ഥരടക്കമുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.