ട്രായി ചെയര്‍മാന്‍റെ ബാങ്ക് അക്കൌണ്ടില്‍ ഒരു രൂപ നിക്ഷേപിച്ച് ഹാക്കര്‍മാര്‍ ; ആധാര്‍ വിവരങ്ങള്‍ ചോരില്ല എന്ന് ആവര്‍ത്തിച്ച് അധികൃതര്‍

ട്രായ് ചെയര്‍മാന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിച്ച് അതിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു എത്തിക്കല്‍ ഹാക്കര്‍മാര്‍. ഭീം ആപ്പ്, പേടിഎം പോലുള്ള ആധാര്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യുന്ന അക്കൗണ്ടുകളില്‍ നിന്നുമാണ് അദ്ദേഹത്തിന് ഒരു രൂപ വീതം അയച്ച് കൊടുത്തിരിക്കുന്നത്.

എലിയറ്റ് ആല്‍ഡേര്‍സണ്‍, പുഷ്‌പേന്ദ്ര സിങ്, കനിഷ്‌ക് സജ്‌നാനി, അനിവര്‍ അരവിന്ദ്, കരണ്‍ സെയ്‌നി തുടങ്ങിയവര്‍ ഇന്നലെ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടിയത് 14 ഇനങ്ങള്‍ ഇതുവരെ ലീക്കായി എന്നാണ്. ശര്‍മ്മയുടെ മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, ജനന തിയതി, പാന്‍ നമ്പര്‍, വോട്ടര്‍ ഐഡി നമ്പര്‍, ടെലികോം ഓപ്പറേറ്റര്‍, ഫോണ്‍ മോഡല്‍, എയര്‍ ഇന്ത്യ ഫ്രീക്വന്റ് ഫ്‌ളയര്‍ നമ്പര്‍ എന്നിവയാണ് ലീക്കായിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐയിലെ ജോയിന്റ് അക്കൗണ്ട്, കൊടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകളും അതിന്റെ ഐഎഫ്എസ്‌സി കോഡും തങ്ങള്‍ക്ക് ലഭിച്ചതായി എത്തിക്കല്‍ ഹാക്കേഴ്‌സ് അവകാശപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ അക്കൗണ്ടുകളിലേക്ക് പണം എത്തുന്നത് പിന്നീട് ബ്ലാക്ക്‌മെയിലിങ്, കള്ളപ്പണം വെളുപ്പിക്കല്‍ പോലെയുള്ള അപകടകരമായ സാഹചര്യങ്ങളിലേക്ക് നീങ്ങിയേക്കുമെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

ശര്‍മ്മയുടെ ഡീമാറ്റ് അക്കൗണ്ട് ഡീറ്റെയില്‍സ് ചില ഓണ്‍ലൈന്‍ പര്‍ച്ചേസിങ് വിവരങ്ങള്‍ തുടങ്ങിയവയും പുറത്ത് എത്തിയിട്ടുണ്ട്.

എന്നാല്‍, യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോഴും അവകാശപ്പെടുന്നത് ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ്. ഗൂഗിളില്‍ നിന്നാണ് ഹാക്കര്‍മാര്‍ ആര്‍.എസ്. ശര്‍മ്മയുടെ വിവരങ്ങള്‍ എടുത്തത് എന്നാണ് അധാര്‍ അതോറിറ്റി അവകാശപ്പെടുന്നത്.

ആര്‍.എസ്. ശര്‍മ്മയുടെ വെല്ലുവിളിക്ക് പിന്നാലെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുകയും ഹാക്കര്‍മാരെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ആധാര്‍ ഡാറ്റാ ബെയ്‌സില്‍ നിന്ന് അല്ല വിവരങ്ങള്‍ ചോര്‍ന്നതെന്ന നിലപാടാണ് ശര്‍മ്മയെ പിന്തുണയ്ക്കുന്നവര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിവരങ്ങള്‍ പുറത്തു വിടാനാണ് ഹാക്കര്‍മാരുടെ തീരുമാനം.