മാണിക്ക് എതിരെ ഒളിയമ്പുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ; ബാര്‍ കോഴയില്‍ പുനരന്വേഷണം വേണമെന്ന് കോടതിയില്‍ ഹര്‍ജി
മുന്‍ ധനകാര്യ മന്ത്രി കെഎം മാണിക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ രംഗത്ത്. ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്നും പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്നും അഭ്യര്‍ഥിച്ച് വിജയരാഘവന്‍ വിജിലന്‍സ് കോടതില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. വൈക്കം വിശ്വന്‍ എന്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് വിജയരാഘവന്‍ പുതിയ തടസഹര്‍ജി ഫയല്‍ ചെയ്തത്.
മുന്‍ ധനകാര്യ മന്ത്രി കെഎം മാണി കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ലെന്ന നിലപാട് വിജിലന്‍സ് ആവര്‍ത്തിച്ച പശ്ചാത്തലത്തിലാണ് വിജയരാഘവന്റെ നടപടി. പാലായില്‍ കെ.എം. മാണി കോഴ വാങ്ങുന്നതു കണ്ടെന്നു പറഞ്ഞ സാക്ഷിയുടെ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്താണെന്നും വിജിലന്‍സ് ഇന്നു കോടതിയെ അറിയിച്ചു. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി പരിഗണിക്കവെയാണു വിജിലന്‍സ് നിലപാട് ആവര്‍ത്തിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആവര്‍ത്തിച്ച അതേ നിലപാട് തന്നെയാണ് ഇത്തവണയും വിജിലന്‍സ് സ്വീകരിച്ചത്.
അഴിമതി ആരോപണത്തെ സാധൂകരിക്കുന്നതല്ല സാക്ഷിമൊഴികള്‍. പ്രധാന തെളിവായി ബിജു രമേശ് നല്‍കിയതു കൃത്രിമ സിഡിയാണ്. ശാസ്ത്രീയ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്നും വിജിലന്‍സ് അഭിഭാഷകന്‍ സി.സി.അഗസ്റ്റിന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്നും കെ.എം. മാണി കോഴ വാങ്ങിയതായി തെളിവുണ്ടെന്നും വിഎസ്.അച്യുതാനന്ദന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.