സംഘപരിവാറിനെ പേടിച്ച് മാതൃഭൂമി വടിച്ച മീശ ഡി സി ബുക്സ് ഏറ്റെടുക്കുന്നു

സംഘ പരിവാര്‍ എതിര്‍പ്പിനെ തുടര്‍ന്ന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച് നിര്‍ത്തലാക്കിയ എസ് ഹരീഷിന്റെ വിവാദ നോവല്‍ ‘മീശ’ ഡി.സി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു തുടങ്ങിയ നോവല്‍ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നോവല്‍ പുസ്തകമാക്കാനുള്ള തീരുമാനം എസ് ഹരീഷ് എടുത്തത്.

‘മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാമെന്ന് ഡിസി ബുക്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ‘ബഷീന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു’-വാര്‍ത്താ കുറിപ്പില്‍ ഡി സി പറയുന്നു.

നോവല്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ കടുത്തഭീഷണിയുയര്‍ന്നതായി ഹരീഷ് പരാതിപ്പെട്ടിരുന്നു. നോവലിന്റെ രണ്ടാമധ്യായത്തിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്നഒരു സംഭാഷണത്തിലെപരാമര്‍ശത്തിനെതിരെസംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തത്തിയിരുന്നു. ഹരീഷിനെതിരെയും ഭീഷണികളുമുണ്ടായി. ഭാര്യക്കെതിരെ നടന്ന കടുത്ത അധിക്ഷേപത്തിനെതിരെ വനിതാകമ്മീഷനിലും ഹരീഷ് പരാതിപ്പെട്ടിരുന്നു. ഡിസി പ്രസിദ്ധീകരിക്കുന്ന ‘മീശ’യുടെ കവര്‍ അബിദാണ് വരച്ചിരിക്കുന്നത്.