അന്നിതൊരു ജല ബോംബ്, ഇന്നിതൊരു ഓല പടക്കമോ ?
പി. ജെ. ജോസഫിന്റെ വികൃതികള്‍
സംഭവം നടന്നിട്ട് കുറച്ച് നാളുകള്‍ ആയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പഴയ കാര്യങ്ങള്‍ ഒരല്‍പം വിശകലനത്തിന് വിധേയമാക്കുന്നത് നല്ലതാണ്. മുല്ലപെരിയാര്‍ തകരും ആ വെള്ളം ഒഴുകി വന്ന് നിറഞ്ഞ് ചെറുതോണി ഡാമും , ഇടുക്കി ഡാമും തകരും ഇതേ തുടര്‍ന്ന് ഒഴുകിയെത്തുന്ന ജലം തൊടുപുഴ, മൂവാറ്റുപുഴ, കോട്ടയം പട്ടണങ്ങളും ഒപ്പം എറണാകുളവും നാമാവിശേഷമാകുമെന്നുമായിരുന്നു പ്രചരണം. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിയും, എം.എല്‍.എ യുമായ പി.ജെ.ജോസഫ് ഇക്കാര്യങ്ങള്‍ സ്ഥിതീകരിച്ച് ജനത്തോട് വിളിച്ച് പറഞ്ഞപ്പോള്‍ ഈ പ്രചാരണത്തിന്റെ വിശ്വാസ്യത പതിന്മടങ്ങായി.
പോരാത്തതിന് ആ സമയത്താണ് സോഹന്‍ റോയ് സംവിധാനം ചെയ്ത ഡാം999 എന്ന സിനിമ റിലീസിനെത്തുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ അവര്‍ നടത്തിയ ക്യാമ്പയിനും കൂടിയായപ്പോള്‍ ഏകദേശം കാര്യങ്ങള്‍ കയ്യ് വിട്ട് പോയി. പരിഭ്രാന്തരായ പൊതുജനം അന്നത്തെ അധികാരവര്‍ഗ്ഗത്തിന് നേരെ തിരിഞ്ഞു. ഹര്‍ത്താലുള്‍പ്പടെ സമരങ്ങള്‍ കോലാഹലങ്ങള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ അവസരം മുതലെടുത്ത് നിരത്തിലിറങ്ങി. എങ്ങും ഭീതിതമായ അന്തരീക്ഷം, ദൃശ്യ മാധ്യമങ്ങളിലും പത്രവാര്‍ത്തകളിലും മറ്റുമായി ഡാം തകര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന ഗ്രാഫിക് റെപ്രെസെന്റഷനിലൂടെയുള്ള വിവരണങ്ങള്‍ മനസ്സിലാക്കിയപൊതുജനത്തിന്റെ രോക്ഷം തങ്ങള്‍ക്ക് വരാന്‍പോകുന്ന വലിയ വിപത്തിന് ഉത്തരവാദികളായവര്‍ക്ക് നേരെയായി. ഇതോട് കൂടി മുല്ലപെരിയാര്‍ പുതുക്കി പണിയുന്നതിന് എതിര്‍വാദവുമായി നിലകൊള്ളുന്ന തമിഴ് നാടിന്ന് നേരെയായി ജനരോക്ഷം.
അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിച്ചതോടെ പ്രശനം തമിഴനും, മലയാളിയുമായുള്ള പോരാട്ടമായി മാറി അല്ലെങ്കില്‍ എന്തെല്ലാമോ സ്ഥാപിത താത്പര്യമുള്ളവര്‍ അതിനെ അങ്ങനെ മാറ്റി എന്ന് പറയുന്നതാകും ശരി. കോലം കത്തിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കേരളാ തമിള്‍നാട് ബോര്‍ഡറുകളില്‍ കലാപമാരംഭിച്ചു മലയാളികളുടെ സ്ഥാപനങ്ങള്‍ക്ക് നേരെ തമിള്‍ നാട്ടില്‍വ്യാപകമായ ആക്രമണമുണ്ടായി, ബസ് സര്‍വീസുകളും ചരക്ക് നീക്കവും നിര്‍ത്തി വെച്ചു, എങ്ങും കലാപമായ അന്തരീക്ഷം. കെ.എല്‍ രെജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഉള്ള വണ്ടികള്‍ തമിഴ് നാട്ടില്‍ കണ്ടാല്‍ തല്ലി തകര്‍ക്കുന്ന അവസ്ഥ തമിള്‍നാട്ടിലെ മലയാളികളുടെ കൃഷിയിടങ്ങള്‍ തിരഞ്ഞുപിടിച്ച് നശിപ്പിക്കപ്പെട്ടു. ജോലിയും, ബിസിനെസ്സുമായി തമിഴ് നാട്ടിലുള്ള മലയാളികള്‍ പുറത്തിറങ്ങാന്‍ പോലുമാകാതെ വിറച്ച് പോയി. പിന്നീട് മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ചകള്‍ നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. എങ്കിലും ആഴ്ചകള്‍ പലതും കഴിയേണ്ടി വന്നു കാര്യങ്ങള്‍ സാധാരണ നിലയിലേക്കെത്താന്‍.
https://www.youtube.com/watch?v=IJx2xm50zD8
ഇപ്പോഴിങ്ങാനൊരു കാര്യം ചൂണ്ടിക്കാണിച്ചത് മറ്റൊന്നിനുമല്ല അന്നുണ്ടായിരുന്നതിനേക്കാള്‍ ജലം വന്ന് മുല്ലപ്പെരിയാര്‍, ചെറുതോണി, ഇടുക്കി ഡാമുകള്‍ നിറയുകയും, ഇടുക്കി ഡാം തുറന്ന് വിടാന്‍ പോകുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിട്ട് അന്നുണ്ടായ ഭീതിയൊന്നും ഇന്ന് ജനത്തിനില്ല. ആരും മുല്ലപ്പെരിയാര്‍ തകരുന്നതിനെക്കുറിച്ച് സംസാരിക്കുന്നുമില്ല. അപ്പോള്‍ അന്നുണ്ടായ കോലാഹലങ്ങളും മലയാളികളായവര്‍ തമിഴ് നാട്ടില്‍ നേരിടേണ്ടിവന്ന പീഡനങ്ങളും സാമ്പത്തീക നഷ്ടങ്ങളും ആരുടെ താത്പര്യങ്ങളാണ്.
ഓരോ കേരളീയനും അഭിമാനിക്കാം മണ്ഡല കാലമായിരുന്നിട്ട് കൂടി തമിഴ് നാട്ടില്‍ നിന്ന് കേരളത്തില്‍ വന്ന ഒരു പൗരനും മലയാളികള്‍ക്ക് തമിഴ്നാട്ടില്‍ നേരിടേണ്ടി വന്ന സാഹചര്യം കേരളത്തില്‍ ഉണ്ടായില്ല. അത് നമ്മുടെ ഒന്നിത്യം, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ നമുക്ക് മാത്രമാവകാശപ്പെടാവുന്ന ഔന്നിത്യം. അന്ന് നാം കാണിച്ച സംയമനം കാര്യങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലെത്താന്‍ ഏറെ ഗുണം ചെയ്തു.