കനത്ത മഴ താമരശ്ശേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു ; ഒഴിവായത് വന്‍ ദുരന്തം

കോഴിക്കോട് : താമരശ്ശേരി പരപ്പന്‍പൊയിലില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു.രാരോത്ത് ജിഎംഎച്ച്എസിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്. മഴ കാരണം സ്‌കൂള്‍ നേരത്തെ വിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സ്‌കൂളിന് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. അതിനാല്‍ ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികളെ വീട്ടിലേക്ക് അയച്ചിരുന്നു. വൈകുന്നേരം നാലുമണിയോടെയാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണത്. സ്‌കൂളിന്റെ ഭിത്തിയ്ക്ക് വിള്ളല്‍ ഉണ്ടാകുകയും ഭിത്തിതകരുകയുമായിരുന്നു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ ഭാഗമാണ് തകര്‍ന്നുവീണത്.

ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പുമുട്ടുന്ന സ്‌കൂളിന് ഒരു കെട്ടിടം മാത്രമാണ് സ്വന്തമായുള്ളത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന മറ്റു മൂന്നു കെട്ടിടങ്ങളും ഏറെ കാലപ്പഴക്കമുള്ളവയാണ്. സ്‌കൂളിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യം ഏറെക്കാലമായി ഉയര്‍ന്നിരുന്നു. സ്‌കൂളിനായി ഒരു കെട്ടിടത്തിന്റെ പണി നടക്കുന്നുണ്ടെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

അതേസമയം പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ തുക ഉടൻ അനുവദിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.