ഇന്ത്യാവിഷന്‍ ഓര്‍മ്മയായി ; മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വാർത്താ ചാനല്‍ ഇനി ചരിത്രം
മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വാര്‍ത്താ ചാനല്‍ ഇനി ഓര്‍മ്മ. മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വാര്‍ത്താ ചാനലായിരുന്ന ഇന്ത്യാവിഷന്റെ ലൈസന്‍സ് കേന്ദ്രസര്‍ക്കാരിന്റെ വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി. മലയാളത്തില്‍ ഇറങ്ങിയ ആദ്യ ഇരുപത്തിനാല് മണിക്കൂര്‍ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ ദൈനംദിന പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്നും പെര്‍മിഷന്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുമാണ് ലൈസന്‍സ് റദ്ദാക്കിയത്.
15 വര്‍ഷം മുന്‍പ് 2003 ലാണ് മലയാളിയുടെ സ്വീകരണമുറിയിലേക്ക് ആദ്യത്തെ സമ്പൂര്‍ണ്ണ വാര്‍ത്താ ചാനലെന്ന വിശേഷണവുമായി ഇന്ത്യാവിഷന്‍ രംഗപ്രവേശനം ചെയ്യുന്നത്. മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എംകെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരുന്നു ചാനല്‍. ഇപ്പോള്‍ വിവിധ ചാനലുകളിലെ അറിയപ്പെടുന്ന പ്രമുഖരായ പല മാധ്യമപ്രവര്‍ത്തകരും ഇന്ത്യാവിഷനിലൂടെയായിരുന്നു വളര്‍ന്നുവന്നത്. പുതിയ ചാനലുകളുടെ കുത്തൊഴുക്കില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട ഇന്ത്യാവിഷന്‍ പ്രവര്‍ത്തനം തുടങ്ങി പത്താം വര്‍ഷത്തില്‍ സംപ്രേഷണം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു തിരിച്ചു വരവ് പലരും പ്രതീക്ഷിച്ചു എങ്കിലും ചാനലിനു മരണമണി മുഴങ്ങിയിരിക്കുകയാണ് ഇപ്പോള്‍.