മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ക്കെതിരായ ലൈംഗീക പീഡനം ; പ്രതിസ്ഥാനത്ത് അമാനവ സംഗമത്തിന്റെ സംഘാടകനായിരുന്ന രജീഷ് പോൾ

മോവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ ലൈംഗീകമായി ചൂഷണം ചെയ്ത് സംഭവത്തില്‍ സോഷ്യല്‍ ആക്ടിവിസ്റ്റും അമനാവ സംഗമത്തിന്റെ മുഖ്യ സംഘാടകനുമായ രജീഷ് പോളിനെതിരെ കേസെടുക്കാന്‍ പോലീസിനോട് സംസ്ഥാന യുവജന കമ്മീഷന്റെ നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്ക് യുജന ക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഇത് സംബന്ധിച്ച് കത്ത് നല്‍കി.

തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെകുറിച്ച് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിന്മേല്‍ വിഷയത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും പോലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കിയെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന ഇത്തരം ലൈംഗികാതിക്രമം ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ചിന്താ ജെറോ വ്യക്തമാക്കി.

തന്റെ 16ാംമത്തെ വയസില്‍ കണ്ണൂര്‍ പിലാത്തറയിലെ രജീഷിന്റെ വീട്ടില്‍ വച്ചാണ് തന്നെ ലൈംഗികമായി അയാള്‍ ചൂഷണം ചെയ്യാന്‍ ശ്രമിച്ചതെന്ന് രൂപേഷിന്റെ മകള്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. തനിക്ക് പതിനാറ് വയസുണ്ടായിരുന്ന കാലത്ത് രജീഷ് പോൾ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങൾ ഫെയ്സ്ബുക്കിലിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് അവർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. അച്ഛനും അമ്മയും മാവോയിസ്റ്റ് കേസിൽ ഒളിവിലായിരുന്ന കാലത്ത് റോസാപ്പൂക്കളും മിഠായികളും കൊണ്ട്‌ തന്നേയും അനുജത്തിയേയും കാണാൻ വന്നിരുന്നവരുടെ കൂട്ടത്തിലാണ് രൂപേഷിനെ താൻ പരിചയപ്പെടുന്നതെന്നും ഒരു രക്ഷകർത്താവിന്റെ ഭാവത്തിൽ വന്ന ഇയാൾ തന്നെ പിന്നീട് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് അവർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.

“പിന്നീട്‌ ഒരു ദിവസം അവരുടെ വീട്ടിൽ ചെന്നപ്പോൾ രാത്രി അയാളെന്നെ കേറി പിടിച്ചു. രജി എന്താ ഈ കാണിക്കുന്നേ എന്നു ഞാൻ ചോദിച്ചപ്പോൾ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാൾ എന്റെ മുൻപിൽ കുറേ കരഞ്ഞു. അത്‌ അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത്‌ എന്റെ ജീവിതത്തിൽ ഞാൻ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാൾ ഉണ്ടായിരുന്നില്ല. അടുത്ത വെക്കേഷനു ഞാൻ അയാളുടെ അടുത്ത്‌ പോയപ്പോൾ അയാളെന്നെ ലൈംഗികമായി അബ്യൂസ്‌ ചെയ്തു. എന്റെ ചിത്രങ്ങൾ അയാളുടെ കയ്യിലുണ്ടെന്നും അത്‌ ഫേസ്ബുക്കിൽ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി. 16 വയസ്സുകാരിക്ക്‌ അത്‌ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ പോലും അന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്‌. “ യുവതി ഫെയ്സ്ബുക്കിൽ കുറിച്ചു.

തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ സമരം കവർ ചെയ്യാൻ പോകുന്നതിനിടെ ദളിത് ആക്ടിവിസ്റ്റായ രൂപേഷ് കുമാർ ലൈംഗികാവശ്യത്തോടെ തന്നെ സമീിപിച്ചുവെന്ന് മാധ്യമപ്രവർത്തകയായ ആരതി എന്ന യുവതി വെളിപ്പെടുത്തിയതിനു പിന്നാലെ രൂപേഷിനും അയാളുടെ സുഹൃത്തായ രജീഷ് പോളിനുമെതിരെ ലൈംഗിക പീഡനാരോപണങ്ങൾ ഉന്നയിച്ച് കൊണ്ട് നിരവധി സ്ത്രീകൾ രംഗത്തു വന്നിരുന്നു. രൂപേഷ് കുമാറും രജീഷ് പോളും അമാനവ സംഗമം എന്ന പരിപാടിയുടെ മുന്നിൽ നിന്ന് നയിച്ച സംഘാടകരായിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഞാൻ 10 ൽ പഠിക്കുന്ന കാലത്താണു രജീഷിനെ (രജീഷ്‌ പോൾ) കാണുന്നത്‌. വീട്ടിൽ അക്കാലത്ത്‌ നിരന്തരമായി ഉണ്ടായിരുന്ന പൊലീസ്‌ റൈഡുകളിൽ പ്രതിഷേധിച്ച്‌ ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ പേരിൽ റോസാപ്പൂക്കളും മിഠായികളും കൊണ്ട്‌ എന്നേയും അനുജത്തിയേയും കാണാൻ സുഹൃത്തുക്കൾ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ ഞാൻ കാണുന്നത്‌. അതിനു ശേഷം അയാളെന്നെ തുടർച്ചയായി വിളിക്കുമായിരുന്നു. സ്കൂളിലെ വിശേഷങ്ങൾ, വീട്ടിലെ വിശേഷങ്ങൾ എല്ലാം അയാൾ വിളിച്ചന്വേഷിക്കുമായിരുന്നു. അന്നൊക്കെ എന്റെ മുൻപിൽ മാവോയെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷമായിരുന്നു അയാൾക്ക്‌.

അക്കാലത്ത്‌ എന്റെടുത്ത്‌ കമ്മ്യൂണിസത്തെക്കുറിച്ച്‌ ഞാൻ പഠിക്കേണ്ട ആവിശ്യമുണ്ട്‌ എന്ന് അയാൾ എന്നും പറയുമായിരുന്നു. ഞാൻ രജീഷ്‌ മാമൻ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്‌. അയാളത്‌ രജി ആക്കി. അക്കാലത്ത്‌ എല്ലാ സ്കൂൾ അവധിക്കും ഞാൻ രജീഷിന്റേയും അപർണയുടേയുമൊപ്പം അവരുടെ കണ്ണൂർ പിലാത്തറയുലുള്ള വീട്ടിൽ പോവുമായിരുന്നു. അന്നൊക്കെ രജീഷ്‌ എന്നെ രാത്രി അവരുടെ നടുവിലായിരുന്നു കെടുത്തിയിരുന്നത്‌. സ്ത്രീ എന്തിനാണു ആണിന്റെ അടുത്ത്‌ കിടക്കാൻ ഭയപ്പെടുന്നത്‌. ലൈംഗികത്‌ എന്ന വികാരം മാത്രമല്ല ഒരു ആണിന്റേയും പെണ്ണിന്റേയും ഇടയിലുള്ളതെന്ന് അയാൾ എപ്പോഴും പറയുമായിരുന്നു. എന്തിനാണു ഒരാണിന്റെ അടുത്ത്‌ കെടുക്കാൻ ഭയപ്പെടുന്നതെന്നും.

ഒരു ദിവസം അപർണ്ണയോടൊപ്പമുള്ള അയാളുടെ ജീവിതം നരകതുല്യമാണെന്ന് വിളിക്കുമ്പൊൾ പറഞ്ഞു കുറേ അയാൾ കരഞ്ഞു. അവർക്ക്‌ വേറേ ബന്ധങ്ങൾ ഉണ്ടെന്നും അവർ അയാളെ മുതലെടുക്കുകയാണെന്നും പറയാൻ തുടങ്ങി. പിന്നീട്‌ എന്നെ അവർക്ക്‌ സംശയമാണെന്നും പറഞ്ഞു. എന്നെ അത്‌ വല്ലാതെ തളർത്തി. അന്നൊക്കെ അപർണ്ണയോട്‌ വല്ലാത്ത ദേഷ്യമായിരുന്നു എനിക്ക്‌. പിന്നീട്‌ ഒരു ദിവസം അവരുടെ വീട്ടിൽ ചെന്നപ്പോൾ രാത്രി അയാളെന്നെ കേറി പിടിച്ചു. രജി എന്താ ഈ കാണിക്കുന്നേ എന്നു ഞാൻ ചോദിച്ചപ്പോൾ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാൾ എന്റെ മുൻപിൽ കുറേ കരഞ്ഞു. അത്‌ അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത്‌ എന്റെ ജീവിതത്തിൽ ഞാൻ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാൾ ഉണ്ടായിരുന്നില്ല.

അടുത്ത വെക്കേഷനു ഞാൻ അയാളുടെ അടുത്ത്‌ പോയപ്പോൾ അയാളെന്നെ ലൈംഗികമായി അബ്യൂസ്‌ ചെയ്തു. എന്റെ ചിത്രങ്ങൾ അയാളുടെ കയ്യിലുണ്ടെന്നും അത്‌ ഫേസ്ബുക്കിൽ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി. 16 വയസ്സുകാരിക്ക്‌ അത്‌ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ പോലും അന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്‌. പിന്നീട്‌ എന്റെ സുഹൃത്തുക്കളായിരുന്ന സുബിനോടും നസീറയോടും കാര്യം പറഞ്ഞപ്പോൾ അവർ തന്ന ഊർജ്ജത്തിന്റെ പുറത്താണു അന്ന് ഞാൻ ജീവിച്ചത്‌. അന്ന് രജീഷിന്റെ സുഹൃത്തുക്കളായ പല പെൺകുട്ടികളോടും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. അപർണ്ണയോട്‌ കാര്യം അന്വേഷിച്ചപ്പോഴാണു അറിഞ്ഞത്‌ രജീഷ്‌ എന്നെക്കുറിച്ച്‌ അപർണയോട്‌ പറഞ്ഞിരുന്നത്‌ ഞാൻ അയാളോട്‌ പ്രണയഭ്യർത്ഥന നടത്തിയെന്നും അപർണ്ണ എനിക്കൊരു ശല്യമാണെന്ന് പറഞ്ഞെന്നും.

അപർണ അയാളുടെ എന്നോടും മറ്റു പെൺകുട്ടികളോടുമുള്ള ചതി മനസിലാക്കിയിട്ടായിരുന്നു . അന്ന് അപർണ്ണ എന്നോട്‌ പറഞ്ഞത്‌ അയാൾക്ക്‌ ഒരു പെൺകുട്ടികളേയും കാമവെറിയിലൂടെയല്ലാതെ സുഹൃത്തായി കാണാൻ കഴിയില്ല. ഞാൻ അന്നു തന്നെ രജീഷിന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെയുള്ള മക്കളെ അവരും പേടിക്കണം. അപർണ്ണയുടെ പോസ്റ്റിനു അന്ന് സിനി എന്ന പെൺകുട്ടി എഴുതിയത്‌ രജീഷ്‌ എന്റടുത്തും മറ്റൊരു രൂപത്തിൽ പറഞ്ഞിട്ടുണ്ട്‌. ആ പെൺകുട്ടി ഫേക്ക്‌ അല്ല.

ഈ അനുഭവം എനിക്കുണ്ടാക്കിയ ഷോക്ക്‌ വളരെ വലുതായിരുന്നു… ഇന്നും അതന്നെ വലിഞ്ഞു മുറുക്കുന്നുമുണ്ട്‌. അയാളുടെ പൊയ്‌മുഖം വളരെ മുൻപേ വലിച്ചെറിയണമെന്ന് ഞാൻ കരുതിയതാണു. ഞാൻ ഇത്‌ പറഞ്ഞവരെല്ലാം എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്‌. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു.