യാത്രാവിമാനം തകര്‍ന്നു വീണു ; യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു
എയ്‌റോമെക്‌സിക്കോയുടെ വിമാനമാണ് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീണത്. താഴെ വീണു കത്തിയമര്‍ന്ന വിമാനത്തില്‍ നിന്നും യാത്രക്കാരെല്ലാം ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മിക്കവരും കത്തിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്നും സ്വന്തമായി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. മെക്‌സിക്കോയിലെ ദുരങ്കോയില്‍ 103 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നത്. യാത്രക്കാരെല്ലാം രക്ഷപ്പെട്ടെങ്കിലും പൈലറ്റിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
97 യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിമാനം പറന്നുയര്‍ന്ന ഉടന്‍ ശക്തമായ കാറ്റില്‍പ്പെട്ട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കനത്ത കാറ്റും ആലിപ്പഴ വീഴ്ചയും ആവാം അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. വിമാനമത്താവളത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരെ വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. നിലത്തിറക്കിയ ഉടന്‍ വിമാനത്തിന് തീപിടിച്ചു.
ഗുവാഡലുപെ വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മെക്‌സിക്കോ സിറ്റിയിലേക്കുള്ള യാത്രയിലാണ് അപകടം നടന്നത്. മുഴുവന്‍ യാത്രക്കാരുമായാണ് വിമാനം യാത്ര തിരിച്ചത്.