ഇടുക്കി ഡാമിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു ; മാധ്യമങ്ങള്‍ക്ക് എതിരെ മന്ത്രി എം എം മണി
ഇടുക്കി, ചെറുതോണി തുടങ്ങിയ ഡാമുകളിലെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ വൈദ്യുതി മന്ത്രി എംഎം മണി രംഗത്ത്. ജലവൈദ്യുതി നിലയങ്ങളും ജലസംഭരണികളും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്റ്റ്-1923 അനുസരിച്ച് നിരോധിത മേഖലയില്‍ പെട്ടതായി പ്രഖ്യാപിച്ചിട്ടുള്ളതും അവിടങ്ങളില്‍ ചിത്രങ്ങള്‍ എടുക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും ആക്റ്റ് പ്രകാരം നിരോധിച്ചിട്ടുള്ളതുമാണെന്നും എംഎം മണി അറിയിച്ചു.
എന്നാല്‍, ഈ ഭാഗങ്ങളിലെ ദൃശ്യങ്ങള്‍ എടുത്ത് സാങ്കേതിക വിശദീകരണവും അടക്കം ചില മാധ്യമങ്ങളില്‍ വാര്‍ത്തകളുടെ ഭാഗമായി സംപ്രേഷണം ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള നടപടികള്‍ ഒഫീഷ്യല്‍ സീക്രറ്റ്‌സ് ആക്റ്റ്-1923 ന്റെ ലംഘനമാണ്. ആയതിനാല്‍ ജലവൈദ്യുതി നിലയങ്ങളെയും ഡാമുകളെയും മറ്റ് പ്രതിഷ്ഠാപനങ്ങളെയും സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോഴും സംപ്രേഷണം ചെയ്യുമ്പോഴും, രാജ്യസുരക്ഷക്ക് വിഘാതമാകാത്ത തരത്തിലും ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്റ്റ്-1923ന്റെ ലംഘനമില്ലാത്ത തരത്തിലുമുള്ള ചിത്രങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യാനോ പാടുള്ളു എന്ന വിവരം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണെന്നും മന്ത്രി അറിയിച്ചു.