പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു. ബുധാഴ്ച വൈകുന്നേരം 4.45ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരളിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.

പി.എ ഇബ്രാഹിം എന്നായിരുന്നു യഥാര്‍ഥ പേര്. മലയാള ഗസല്‍ ഗാനരംഗത്ത് തന്റേതായ സ്ഥാനം നേടിയ വ്യക്തിയായിരുന്നു ഉമ്പായി.കവി സച്ചിദാനന്ദന്‍, ഒഎന്‍വി കുറുപ്പ് തുടങ്ങിയവരുടെ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും സംഗീതം നല്‍കി ഉമ്പായി ആലപിച്ച ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചേറ്റിയവയായിരുന്നു. 12ല്‍ അധികം ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

‘നോവല്‍’ എന്ന ചലച്ചിത്രത്തിനും അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പഴയ നിരവധി ചലച്ചിത്ര ഗാനങ്ങള്‍ക്കും ഉമ്പായി തന്റേതായ ഗസല്‍ ആലാപന ശൈലിയിലൂടെ പുതിയ ആവിഷ്‌കാരം നല്‍കിയി. മീന്‍ കച്ചവടക്കാരനായും തോണിക്കാരനായും ജോലി നോക്കിയിട്ടുള്ള ഉമ്പായി ബോംബെയില്‍ അധോലോക സംഘാംഗമായിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. പിന്നീട് മുജാവര്‍ അലിഖാന്റെ ശിഷ്യനായി. പി. എ. ഇബ്രാഹിമിന് ഉമ്പായി എന്ന പേര് നല്‍കിയത് പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാം ആയിരുന്നു.