ടെക്സസിലെ 400 വധശിക്ഷകള്‍ക്ക് ദൃക്സാക്ഷിയായി റിപ്പോര്‍ട്ട് ചെയ്ത എ.പി. ജേര്‍ണലിസ്റ്റ് വിരമിക്കുന്നു

പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍: അമേരിക്കയിലെ മറ്റേതൊരു ജേര്‍ണലിസ്റ്റിനേക്കാള്‍ കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്നതിന് ദൃക്സാക്ഷിയാകേണ്ടിവന്ന അസ്സോസിയേറ്റ് പ്രസ് ജേര്‍ണലിസ്റ്റ് 46 വര്‍ഷത്തെ സേവനത്തിന് ശേഷം മാധ്യമ രംഗത്തോട് വിട പറയുന്നു.

മൈക്കിള്‍ ഗ്രേസിക്ക് (68) ഔദ്യോഗിക ജീവിതത്തില്‍ നിന്നും ജൂലായ് 31നാണ് വിരമിക്കുന്നത്. 1976ല്‍ സുപ്രീം കോടതി വധശിക്ഷ പുനഃസ്ഥാപിച്ചതു മുതല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയ സംസ്ഥാനമായ ടെക്സസിലെ 400 ഓളം വധശിക്ഷകള്‍ക്ക് മൈക്കിള്‍ ദൃക്സാക്ഷിയായിരുന്നു. വിവരങ്ങള്‍ വിവിധ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടു ചെയ്യുന്ന ഉത്തരവാദിത്വവും ഏറ്റെടുത്തിരുന്നു.

സുപ്രീം കോടതി വിധിക്കുശേഷം 1982ലാണ് ടെക്സസ് ആദ്യത്തെ വധശിക്ഷ നടപ്പാക്കിയത്. അടുത്ത നാലു വര്‍ഷത്തിനുശേഷം 1986ലാണ് രണ്ടാമത്തെ വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷയെക്കുറിച്ചു മൈക്കിന്റെ അഭിപ്രായം ആരാഞ്ഞവരോട്, ഞാന്‍ ഒരു കത്തോലിക്കാ വിശ്വാസിയാണ്.

വധശിക്ഷക്കെതിരെ സഭയുടെ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു. എനിക്കിതില്‍ സ്വന്തമായൊരു അഭിപ്രായമില്ല. മൈക്ക് പറഞ്ഞു. സജീവ മാധ്യമപ്രവര്‍ത്തന രംഗത്തു നിന്നും വിരമിച്ചാലും ഫ്രീലാന്‍സറായി തുടരുമെന്നും മൈക്ക് അറിയിച്ചു.