തികഞ്ഞ സ്ത്രീ വിരുദ്ധത എന്ന് പരാതി ; മീശയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധം

കഥാപാത്രങ്ങള്‍ നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍ ഉയര്‍ന്ന സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് പിന്‍വലിച്ച എസ്ഹരീഷിൻറെ ‘മീശ’ എന്ന നോവലിനെതിരെ വ്യാപകമായ പരാതി. മാതൃഭൂമി പിന്‍വലിച്ചു എങ്കിലും പുസ്തക പ്രസാധകരായ ഡിസി ബുക്സ് നോവല്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കിയിരുന്നു. സംഘപരിവാര്‍ എതിര്‍പ്പിനെ തുടര്‍ന്ന്‍ മാതൃഭൂമിയില്‍ നിന്ന് നോവല്‍ പിന്‍വലിച്ച സമയം കഥാകൃത്തിനെ അനുകൂലിച്ചവര്‍ തന്നെയാണ് നോവല്‍ വാങ്ങി വായിച്ച ശേഷം അതിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

അശ്ളീലതയും സ്ത്രീ വിരുദ്ധതയും കൊണ്ട് സമ്പന്നമാണ് നോവല്‍ എന്ന് ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നു. ഒരു വിഭാഗത്തിനെ മാത്രമല്ല എല്ലാ വിഭാഗങ്ങളിലും പെട്ട സ്ത്രീകളെ ലൈംഗികതയ്ക്ക് വേണ്ടി ദാഹിക്കുന്നവരെന്ന രീതിയിലാണ് നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ എതിര്‍പ്പുകള്‍ക്ക് കാരണമായത്. അതിനിടെ പരസ്യമായി നോവൽ കത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. പുസ്തകം പ്രസിദ്ധീകരിച്ച ഡിസി ബുക്സിൻറെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിന് മുന്നിലാണ് ബിജെപി പ്രവർത്തർ ചേർന്ന് പുസ്തകം കത്തിച്ചത്.

സംഘടനകള്‍ക്ക് പുസ്തകം കത്തിക്കുന്നതിൽ ബന്ധമില്ലെന്നും ഹൈന്ദവരെ അധിഷേപിച്ചതിലെ സ്വാഭാവിക പ്രതികരണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം. വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിച്ച നോവല്‍ ഇന്നാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. അതേസമയം, നോവലിലെ വിവാദ ഭാഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും.

കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. രാധാകൃഷ്ണന്‍ എന്നയാളാണ് നോവലിലെ വിവാദ ഭാഗം നിരോധിക്കണമെന്ന‌് ആവശ്യപ്പെട്ട‌ കോടതിയെ സമീപിച്ചത്. പുസ്തകം മുഴുവനായും നിരോധിക്കണമെന്നാണോ ഹർജിക്കാരുടെ ആവശ്യമെന്നും കോടതി ചോദിച്ചു.