ചൈനയ്ക്ക് വേണ്ടി പ്രത്യേക സേര്‍ച്ച് എഞ്ചിന്‍ ; ഗൂഗിളില്‍ കലാപം
ചൈനയ്ക്ക് വേണ്ടി പ്രത്യേക സേര്‍ച്ച് എഞ്ചിന്‍ നിര്‍മ്മിക്കുവാനുള്ള ഗൂഗിളിന്റെ നീക്കത്തിന് പിന്നാലെ ഗൂഗിളിനുള്ളില്‍ കലാപം. കടുത്ത ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ചൈനക്കായി സെന്‍സര്‍ഷിപ്പുകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന പുതിയ സര്‍ച്ച് എഞ്ചിന്‍ ആരംഭിക്കാനുള്ള തീരുമാനമാണ് ഗൂഗിളില്‍ പുതിയ കലാപങ്ങള്‍ക്ക് കാരണമാകുന്നത്.
നേരത്തെ ചൈനയുടെ കടുത്ത സെന്‍സര്‍ഷിപ്പുകളോട് എതിര്‍ത്ത് ചൈനയില്‍ നിന്ന് തങ്ങളുടെ സേവനം പിന്‍വലിച്ച ഗൂഗിള്‍ ഇപ്പോള്‍ ചൈനക്ക് കീഴടങ്ങാനൊരുങ്ങുന്നത് പുറംലോകത്തോടൊപ്പം ഗൂഗിള്‍ ജീവനക്കാരെയും ഞെട്ടിച്ചതായാണ് വിവരം. സി.ഇ.ഒ സുന്ദര്‍ പിച്ചൈയ്‌ക്കെതിരെ മറ്റ് ജീവനക്കാര്‍ക്ക് കടുത്ത പ്രതിഷേധം ഈ വിഷയത്തില്‍ ഉണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ടു വര്‍ഷം മുന്‍പ് പിച്ചൈ ചൈന സന്ദര്‍ശിച്ച സമയത്ത് ഗൂഗിള്‍ എല്ലാവരുടേതാണന്നും ചൈനീസ് ഉപയോക്താക്കളെയും തങ്ങള്‍ക്ക് വേണമെന്നും പ്രഖ്യാപിച്ചിരുന്നു. എന്തായാലും കമ്പനിയിലെ പുതിയ സംഭവങ്ങള്‍ പീച്ചേയുടെ ചൈനീസ് സ്വപ്‌നങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് ഉറ്റുനോക്കുകയാണ് ടെക്ക് ലോകം.
ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് മാര്‍ക്കറ്റായ ചൈനയില്‍ 8വര്‍ഷത്തിന് ശേഷം തിരിച്ചുവരാനുള്ള സുന്ദര്‍ പിച്ചൈയുടെ പ്രായോഗികമായ നീക്കമാണ് ‘ഡ്രാഗണ്‍ ഫ്‌ളൈ’ എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന പുതിയ സര്‍ച്ച് എഞ്ചിന് പുറകില്‍. മനുഷ്യാവകാശം, ജനാധിപത്യം, മതം, പ്രതിഷേധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാം തന്നെ തടയുന്ന രീതിയിലാകും ഈ സര്‍ച്ച് എഞ്ചിനില്‍ വിവരങ്ങള്‍ ലഭിക്കുക. വിപണി പിടിച്ചടക്കാനായി ചൈനയുടെ അതിരുകടന്ന സെന്‍സര്‍ഷിപ്പുകള്‍ക്ക് ഗൂഗിള്‍ വഴങ്ങിക്കൊടുക്കുകയാണെന്നും ഇത് ഇന്റര്‍നെറ്റ് ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തിയിരുന്നു.
ലോകത്തിലെ വിവരങ്ങള്‍ ഏകീകരിക്കുക, അത് ആവശ്യത്തിന് വിതരണം ചെയ്യുക എന്ന ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നുള്ള പിന്തിരിയലാണ് ഇതെന്നാണ് ചില ഗൂഗിള്‍ ജീവനക്കാരുടെ അഭിപ്രായം. എന്നാല്‍ സാങ്കേതികമായ ചൈനയുടെ വളര്‍ച്ചയും ചൈന മുന്നോട്ട് വെക്കുന്ന വിപണി സാധ്യതയും ഉപയോഗപ്പെടുത്തുക എന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷമിടുന്നതെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം. എന്നാല്‍ പിച്ചൈയുടെ ശൈലികളോട് നേരത്തെ എതിര്‍പ്പുണ്ടായിരുന്ന ഗൂഗിളിലെ ഒരു വിഭാഗം ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.
ബ്ലൂബര്‍ഗ് ന്യൂസിനോട് പ്രതികരിച്ച ഒരു ഗൂഗിള്‍ ജീവനക്കാരന്‍ മുന്‍പ് പെന്റഗണുമായി ഗൂഗിള്‍ ആരംഭിച്ച പ്രൊജക്ട് മാവനോടാണ് പുതിയ സെര്‍ച്ച് എഞ്ചിനെ ഉപമിച്ചത്. ഗൂഗിളില്‍ കലാപത്തിന് കാരണമായ ഈ പ്രൊജക്ട് പിന്നീട് കമ്പനി ഉപേക്ഷിച്ചിരുന്നു. മറ്റൊരു ജീവനക്കാരന്‍ ഇതിനെ വിശേഷിപ്പിച്ചത് സെന്‍സര്‍ഷിപ്പ് എഞ്ചിന്‍ എന്നാണ്. ശരിയായ വിവരം നല്‍കുക എന്ന പ്രാഥമിക കടമക്ക വിരുദ്ധമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.