പാലക്കാട് നഗരമധ്യത്തില്‍ കെട്ടിടം തകര്‍ന്നു വീണു ; നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട് നഗരമധ്യത്തില്‍ രണ്ടു നില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സരോവര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടം പൂര്‍ണമായും നിലംപൊത്തിയ നിലയിലാണ്. ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടിടത്തിനുള്ളില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന കാര്യം വ്യക്തമല്ല. പോലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. വളരെയധികം കാലപ്പഴക്കം ഉള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നടന്നുവരികയായിരുന്നു. മിക്ക സ്ഥാപനങ്ങളും ഉച്ചയൂണിന് വേണ്ടി അടിച്ചിരുന്നതിനാല്‍ കെട്ടിടത്തില്‍ ആളുകള്‍ കുറവായിരിക്കുമെന്നാണ് പൊലീസിന്റ നിഗമനം.
കെട്ടിടത്തിന്റെ മുകള്‍ഭാഗം ടിന്‍ഷീറ്റ് ഇട്ട അവസ്ഥയിലാണ്. മൂന്നു നിലകളില്‍ ഏറ്റവും മുകളിലെത്ത നിലയില്‍ ലോഡ്ജും രണ്ടാം നിലയില്‍ വ്യാപര സ്ഥാപനങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്.