നടി ആക്രമിക്കപ്പെട്ട കേസ് ; ഹണി റോസും രചന നാരായണന്‍ കുട്ടിയും കക്ഷി ചേരും

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാന്‍ നടിമാരായ ഹണി റോസും രചന നാരായണന്‍ കുട്ടിയും. കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയിലാണ് ഇരുവരും കക്ഷി ചേരാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. നടിയുടെ ആവശ്യം നേരത്തേ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുകയും താരത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാടാണ് മോഹന്‍ലാല്‍ പ്രസിഡന്റായ താരസംഘടന കൈക്കൊണ്ടത്. ഇതില്‍ പ്രതിഷേധിച്ച് ഭാവന, രമ്യാനമ്പീശന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ താരസംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. ഇതിനിടെയാണ് സംഘടനയില്‍ അംഗങ്ങളായ നടിമാര്‍ തന്നെ ഇപ്പോള്‍ ഇരയായ നടിക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടന വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിട്ട സാഹചര്യത്തിലാണ് ഈ നീക്കം.