യൂണിയനുകളെ പിടിച്ചു കെട്ടി ; കെ.എസ്.ആര്‍.ടിസി വരുമാനത്തില്‍ ഏഴര കോടി രൂപയുടെ വര്‍ദ്ധനവ്

നഷ്ടത്തിന്റെ പടുകുഴിയില്‍ നിന്നും കരകയറാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നു. കഴിഞ്ഞ മാസം കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ ഏഴര കോടി രൂപയുടെ അധിക വരുമാനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നു. എം.ഡിയായ ശേഷം കെ എസ് ആര്‍ ടി സിയില്‍ നിരവധി പരിഷ്‌ക്കാരങ്ങള്‍ ടോമിന്‍ തച്ചങ്കരി കൊണ്ട് വന്നിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ഭരണകാര്യങ്ങളില്‍ കൈകടത്താന്‍ തൊഴിലാളി യുണിയനുകളെ അനുവദിക്കാത്തതാണ് അതില്‍ ഒന്ന്. കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നില്‍ക്കുന്നത് യൂണിയനുകളാണെന്നു തച്ചങ്കരി വെളിപ്പെടുത്തി.

നിലവിലെ പരിഷ്‌കാര നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ മാസത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് 189.89 കോടി രൂപയുടെ വരുമാനമായിരുന്നു ഉണ്ടായത്. ജൂലായില്‍ ഇത് 197.64 കോടിയായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലായ് 9, 23 എന്നീ തിയ്യതികളിലാണ് കെ.എസ്.ആര്‍.ടി.സിക്ക് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായിരിക്കുന്നത്. 7.14 കോടിയും 7.16 കോടിയുമായിരുന്നു യഥാക്രമം ജൂലായ് 9, 23 തിയ്യതികളില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം.