മലയാളി കത്തോലിക്കാ സമൂഹത്തിന്റെ തീര്‍ത്ഥാടനം ഓഗസ്റ്റ് 19ന് മരിയ ഗൂഗിംങിലേയ്ക്ക്

വിയന്ന: ലൂര്‍ദ് മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഓസ്ട്രിയയിലെ ഒരു തീര്‍ത്ഥാടനകേന്ദ്രമായ മരിയ ഗൂഗിംങിലേയ്ക്ക് മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 19ന് (ഞായര്‍) തീര്‍ത്ഥാടനം സംഘടിപ്പിക്കും. ഇത് തുടര്‍ച്ചയായ പതിനാലാം വര്‍ഷമാണ് എം.സി.സിയുടെ കൂട്ടായ്മ മരിയ ഗൂഗിംങില്‍ ഒരുമിച്ചു കൂടാന്‍ പോകുന്നത്.

ആഘോഷമായ വിശുദ്ധ കുര്‍ബാനയും തിരുകര്‍മ്മങ്ങളും ഓഗസ്റ്റ് 19ന് വൈകുന്നേരം 4 മണിയ്ക്ക് ആരംഭിക്കും. മാതാവിന്റെ രൂപം വഹിച്ചുള്ള പ്രദക്ഷിണവും ലദിഞ്ഞും ഉണ്ടായിരിക്കും. അന്നേ ദിവസം സ്റ്റഡ്ലൗ ദേവാലയത്തില്‍ മലയാളികള്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കില്ല. ഹൈലിഗെന്‍സ്റ്റഡ്തില്‍ നിന്നും എല്ലാ അരമണിക്കൂറും ഇടവിട്ട് 239 നമ്പര്‍ ബസ് മരിയ ഗൂഗിംങിലേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇടവകയുടെ ഭാരവാഹികള്‍ക്കൊപ്പം ലോക്കല്‍ കോര്‍ഡിനേറ്റര്‍ ജോജോ ഐക്കരയാണ് തീര്‍ത്ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ വര്‍ഷങ്ങളായി നല്കി വരുന്നത്.

പത്താം നൂറ്റാണ്ട് മുതല്‍ രേഖകളില്‍ ഇടം നേടിയട്ടുള്ള ലോവേര്‍ ഓസ്ട്രിയയിലെ മനോഹരമായ ഈ കൊച്ചു താഴ്വാരം 1989 ഒക്ടോബര്‍ 30നാണ് മരിയ ഗൂഗിംങ് എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഫ്രാന്‍സിലെ വിഖ്യാതമായ ലൂര്‍ദ് മാതാവിന്റെ ഗ്രോട്ടോയുടെ ഏതാണ്ട് ശരി പകര്‍പ്പായിട്ടാണ് വിയന്നയിലെ ഗ്രോട്ടോയും തീര്‍ത്തിരിക്കുന്നത്. 1923ല്‍ ഫാ. കാസ്പര്‍ ഹുട്ടറാണ് ഗ്രോട്ടോ സ്ഥാപിച്ചത്.