കരഘോഷങ്ങളൊന്നുമില്ലാതെ എം.എസ് പതിനായിരം ക്ലബ്ബിലേക്ക്

സംഗീത് ശേഖര്‍

ലിയോം പ്ലങ്കറ്റിന്റെ ഓഫ് സ്റ്റമ്പിനു പുറത്ത് വന്നൊരു ഫുള്‍ ഡെലിവറി തേഡ് മാനിലെക്ക് തിരിച്ചു വിട്ടു കൊണ്ട് ധോണി സിംഗിള്‍ പൂര്‍ത്തിയാക്കുമ്പോള്‍ അതിന്ത്യന്‍ ക്രിക്കറ്റിലെ പ്രധാനപ്പെട്ട സിംഗിളുകളില്‍ ഒന്നായിരുന്നു. കരഘോഷങ്ങളൊന്നുമില്ലാതെ എം.എസ് പതിനായിരം ക്ലബ്ബിലേക്ക്…നിര്‍ഭാഗ്യവശാല്‍ അയാളൊരു നെഗറ്റീവ് ഇന്നിംഗ്‌സ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പൊരുതി നോക്കാതെ തോല്‍വിയെ സ്വീകരിക്കുന്ന എം.എസ് എന്ന തികച്ചും Contrasting ആയൊരു കാഴ്ച കണ്ടിരിക്കുന്നത് ദയനീയമായി തോന്നി.

തിരിഞ്ഞു നോക്കുമ്പോള്‍ അയാളുടെ കരിയര്‍ പോരാട്ടങ്ങളുടെ കഥയാണ്. എതിര്‍ ക്യാമ്പിലേക്ക് പോരാട്ടം നയിക്കുന്ന ബാറ്റ്‌സ്മാന്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്…ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച 3 ബാറ്റിംഗ് ഇതിഹാസങ്ങള്‍. സ്വപ്നതുല്യമായ ആ നിരയിലേക്ക് എം.എസ് ധോണിയും. ഏകദിന ക്രിക്കറ്റില്‍10000 റണ്‍സ് തികക്കുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. 3 കള്സ്സിസിസ്റ്റുകളുടെ കൂട്ടത്തിലേക്ക് അണ്‍ ഓര്‍ത്തോഡോക്‌സ് ശൈലിയുടെ അപ്പോസ്തലന്‍. കൂട്ടത്തില്‍ ഏറ്റവും മികച്ച ശരാശരി, ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ്. ടെക് എ ബൌ എം.എസ് ..എ ബ്രില്ല്യന്റ് കരിയര്‍. Congrats @msdhoni on the 10,000. The batting position, the strike rate, the impact and the average make it phenomenal, പറയുന്നത് കുമാര്‍ സംഗകാരയാണ്.

ഫോമില്ലായ്മ, നഷ്ടപ്പെടുന്ന ഫിനിഷിംഗ് മികവ് എന്നിവയൊക്കെ കൊണ്ട് കരിയറിന്റെ അവസാനഘട്ടത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ട് നിന്നിരുന്ന മനുഷ്യന്‍ പെട്ടെന്നെങ്ങനെ കഴിഞ്ഞ ഐ.പി.എല്ലില്‍ ഫോമിലേക്ക് ഉയര്‍ന്നു എന്ന സംശയം പലര്‍ക്കുമുണ്ടാകാം. പെട്ടെന്നൊരു ദിവസം ചുമ്മാതങ്ങ് ഫോമിലെത്തി എന്ന ധാരണ തെറ്റാണ്. അയാളുടെ അണ്‍ കണ്‍വന്‍ഷണലായുള്ള ബേസിക് ടെക്‌നിക് യാതൊരു മാറ്റവുമില്ലാതെ തുടര്‍ന്നപ്പോള്‍ മാറ്റം വന്നത് അയാളുടെ ബാറ്റ് സ്വിംഗ് എന്ന ഘടകത്തിലാണ്.

ഹെവി ആയുള്ള ബാറ്റ് ഉപയോഗിക്കല്‍ നിര്‍ത്തിയ ധോണി അല്പം കൂടി വെയിറ്റ് കുറഞ്ഞ ബാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ വ്യത്യാസം പ്രകടമായിരുന്നു. അയാളെ പോലൊരു ഹിറ്റര്‍ക്ക് ഏറ്റവും അത്യാവശ്യമായ ടൈമിംഗ് മെച്ചപ്പെടുത്താന്‍ ഈ ലൈറ്റ് ബാറ്റുകള്‍ സഹായിച്ചു. ബാക്ക് ഫുട്ടിലെക്കുള്ള ഒരു ട്രിഗര്‍ മൂവ്‌മെന്റ് കാരണം ക്രീസിലെ ബാലന്‍സ് എന്ന നിര്‍ണായക ഘടകം അയാള്‍ നഷ്ടപ്പെടുത്തിയിരുന്നത് അയാളുടെ ബാറ്റിംഗിന്റെ ഇമ്പാക്റ്റ് കുറച്ചിരുന്നത് കൂടെ പരിഹരിക്കപ്പെട്ടപ്പോള്‍ നഷ്ടപ്പെട്ടെന്നു കരുതിയ അയാളുടെ ഫിനിഷിംഗ് മികവ് മടങ്ങിയെത്തിയിരുന്നു. ട്രിഗര്‍ മൂവ്‌മെന്റ് കുറച്ചു ക്രീസില്‍ അല്പം കൂടെ റിലാക്‌സ്ഡ് ആയൊരു സ്റ്റാന്ഡ് എടുത്തതോടെ ധോണിയെന്ന ബോട്ടം ഹാന്‍ഡഡ് ബാറ്റ്‌സ്മാന്‍ പഴയ ഇമ്പാക്‌റ്റോടെ തന്നെ ബാറ്റ് ചെയ്യുന്നത് കാണാന്‍ സാധിച്ചു. ടൂര്‍ണമെന്റിനു മുന്നേ തന്നെ തന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ അയാള്‍ നടത്തിയ തയ്യാറെടുപ്പുകളുടെ ഭാഗമായി നെറ്റ്‌സില്‍ കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്തിരുന്നു.

വിമര്‍ശകരെ തിരുത്തിക്കാണിക്കാനുള്ള അതിയായ ആഗ്രഹം കൂടെയായതോടെ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള വിനാശകാരിയായ ബാറ്റ്‌സ്മാന്‍ പുനര്‍ജനിച്ചിരുന്നു. സെവാഗിനെ പോലെ ഐ-ഹാന്‍ഡ് കോഓര്‍ഡിനെഷനെ ആശ്രയിച്ചിരുന്ന ബാറ്റ്‌സ്മാന് കരിയറിന്റെ ഇങ്ങേയറ്റത്ത് പരിഹരിക്കാന്‍ കഴിയാതെ പോയ ദൌര്‍ബല്യങ്ങള്‍ സമര്‍ത്ഥമായി പരിഹരിച്ച ഒരു ക്രിക്കറ്റിംഗ് ബ്രെയിനെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. ആന്‍ഡ് ദെന്‍, ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക് സ്വാഭാവിക പ്രതിഭ എന്ന അനുഗ്രഹം ആവോളമുണ്ടായിരുന്നെങ്കിലും പ്രതിസന്ധികളോട് പൊരുതി നില്‍ക്കാനുള്ള പരിമിതികള്‍ക്കൊപ്പം മറ്റൊരു ലിമിറ്റെഷനായി തോന്നിയിരുന്നത് ഈയൊരു സംഗതി തന്നെയാണ്.

Uninhibited, yet anything but crude’. എന്ന വിസ്ഡന്റെ വിശദീകരണം അയാളുടെ തുടക്കകാലത്തെയാണ് പ്രതിനീധീകരിക്കുന്നതെങ്കിലും ആയൊരു അണ്‍ പ്രോസസ്ഡായ ടാലന്റ് കാര്യമായ തിരുത്തലുകള്‍ ഇല്ലാതെയാണ് ഇപ്പോഴും നില്‍ക്കുന്നത്. Poor technique or Unconventional? എന്ന ചോദ്യത്തിന് മറുപടി കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുന്നവരാണ് തുഴച്ചില്‍ എന്ന മുട്ടാപ്പോക്കില്‍ ചെന്നെത്തുന്നത് എന്നത് വ്യക്തമാണ്. ബാറ്റിംഗ് ഒരു കലയാണു എന്ന് തോന്നുന്നവരാണ് കൂടുതലെങ്കിലും ഒരാള്‍ ഇങ്ങനെയേ ബാറ്റ് ചെയ്യാവൂ എന്ന് ആര്‍ക്കും വാശി പിടിക്കാനാവില്ല. ഒരു Raw ടാലന്റിനെ അനാവശ്യമായ തിരുത്തലുകളിലൂടെ പരമ്പരാഗത വഴികളിലേക്ക് നയിച്ചു ഉള്ളത് കൂടെ ഇല്ലാതാക്കാതെ അയാളെ അയാളുടെ വഴിക്ക് പോകാന്‍ അനുവദിച്ച നമ്മുടെ ഒരു ചെറിയ സംസ്ഥാനത്തിലെ ക്രിക്കറ്റിംഗ് സിസ്റ്റത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ഭംഗിയുള്ള ഡ്രൈവുകള്‍ കളിക്കാത്തതെന്തു എന്ന് വേവലാതിപ്പെടാതെ അവര്‍ അയാളുടെ പരിമിതികള്‍ നിറഞ്ഞ ഗെയിമിനെ സ്‌നേഹിച്ചു.

ഒരു ബാറ്റ്‌സ്മാനെ പറ്റി എഴുതുമ്പോള്‍ പൊതുവേ കാര്യങ്ങള്‍ എളുപ്പമാണ്. അയാളുടെ സിഗ്‌നേച്ചര്‍ ഷോട്ടുകള്‍, ശൈലി, എല്ലാം ഒരു പരിധി വരെ അനായാസമായി വിവരിക്കാന്‍ സാധിച്ചേക്കും. സിഗ്‌നേച്ചര്‍ ഷോട്ട് തന്നെ പാരമ്പര്യ വാദികളുടെ മുഖം ചുളിപ്പിക്കുന്ന തരത്തില്‍ ഒന്നായിട്ടുള്ള ഒരു ബാറ്റ്‌സ്മാന്‍ വിവരിക്കപ്പെടുമ്പോള്‍ നമുക്ക് എഫക്ടീവ് നസ്, റിസല്‍ട്ടുകള്‍ എന്നിവയിലേക്ക് തന്നെ യാത്ര ചെയ്യേണ്ടി വരും. അവിടെ അയാളുടെ സമന്മാരായി അധികം പേരില്ല എന്ന് തിരിച്ചറിയുന്നവര്‍ക്കെ അയാളുടെ മൂല്യവും മനസ്സിലാകൂ. നുവാന്‍ കുലശേഖരയുടെ ഫുള്‍ ഡെലിവറി ഫുട്ട് വര്‍ക്കില്ലാതെ, കോപ്പി ബുക്ക് ശൈലിയുടെ ആഡംബരങ്ങളില്ലാതെ ഒരിന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഗാലറിയില്‍ എത്തിച്ച രാത്രിയില്‍ അയാളെ ആരാധനയോടെ നോക്കിയിരുന്നില്ല എന്ന വാക്കുകളാകും ഒരിന്ത്യന്‍ ക്രിക്കറ്റ് പ്രേമിക്ക് തന്റെ ജീവിതത്തില്‍ പറയാന്‍ കഴിയുന്ന ഏറ്റവും വലിയ കള്ളം…

അഭിമാനമുണ്ട്. സചിന്‍ ടെണ്ടുല്‍ക്കറെയും സൌരവ് ഗാംഗുലിയെയും രാഹുല്‍ ദ്രാവിഡിനെയും വി.വി.എസ് ലക്ഷ്മനെയും കണ്ടിരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരു തലമുറയില്‍ പെട്ട ഒരാള്‍ക്ക് അണ്‍ കണ്‍വെന്‍ഷണല്‍ ക്രിക്കറ്റര്‍മാരുടെ രാജാവിനെയും കണ്ടിരിക്കാന്‍ സാധിച്ചതില്‍. ക്രിക്കറ്റ് ബാറ്റ്‌സ്മാന്റെ ഗെയിമാണ്. ഇവിടെ നിയമങ്ങള്‍ സ്ര്യഷ്ടിക്കപ്പെടുന്നത് അവനു വേണ്ടിയാണ്. ബൌണ്‍സറുകള്‍ നിയന്ത്രിക്കപ്പെടുന്നതും 30 വാര ഫീല്‍ഡിംഗ് നിയന്ത്രണങ്ങള്‍ സ്ര്യഷ്ടിക്കപ്പെടുന്നതും അവനു ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടിയാണ്. എന്നിട്ടും യോര്‍ക്കറുകള്‍ പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പൊരുതി നില്‍ക്കാന്‍ ശ്രമിക്കുന്ന ബൌളര്‍മാരെ പാടെ നിരാശരാക്കികൊണ്ട് ക്രീസിന്റെ ഡെപ്ത് ഉപയോഗിച്ച് കളിക്കുന്ന ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ പഠിച്ചെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിജയകരമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് എം.എസ് ധോണി ക്രീസില്‍ ഒരു ഭയപ്പെടുത്തുന്ന സാന്നിധ്യമായത്.

മൈക്കല്‍ ബെവന്‍ എന്ന ഫിനിഷറെ അസൂയയോടെ കണ്ടിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ ഫിനിഷിംഗ് എന്ന കലയെ ഒരു ലെവല്‍ മുകളിലേക്ക് നയിച്ചു എം.എസ് വിസ്മയമായി. അയാളുടെ സമകാലീനരായുള്ള തരക്കേടില്ലാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തങ്ങളുടെ വിധിയെ പഴിക്കാനെ കഴിഞ്ഞിട്ടുള്ളൂ. എം.എസ് ധോനിയുടെ സമകാലീനരായിപ്പോയി എന്ന ശാപവും പേറി അവരുടെ കരിയറുകള്‍ എത്തേണ്ടിടത്ത് എത്താതെ അവസാനിക്കുകയാണ്. അവര്‍ക്കയാളെ ഒരിക്കലും പഴിക്കാനാകില്ല. ഗില്ലിയെയും ബൌച്ചറിനെയും അസൂയയോടെ നോക്കി നിന്നവര്‍ക്ക് മുന്നില്‍ പരമ്പരാഗത നിയമസംഹിതകളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് മഹി നിറഞ്ഞാടിയത്.

വിക്കറ്റിനു പുറകില്‍ നിശ്ചലനായി നിന്ന് കൊണ്ട് ബൌളറുടെ മനസ്സും ബാറ്റ്‌സ്മാന്റെ പാദ ചലനങ്ങളെയും വായിച്ചെടുക്കേണ്ടവനാണ് വിക്കറ്റ് കീപ്പര്‍. ഫീല്‍ഡിലുള്ള മറ്റാരെക്കാള്‍ നന്നായി ഗെയിം റീഡ് ചെയ്യാന്‍ കഴിവുള്ള ഒരു വിക്കറ്റ് കീപ്പര്‍ എന്നത് പൂര്‍ണതയാണ്. ഈ പൂര്‍ണതയോടൊപ്പം അസാധാരണമായ ഒരു ക്രിക്കറ്റിംഗ് ബ്രെയിന്‍ കൂടെ സ്വന്തമായുള്ള ധോണി ഇന്ത്യന്‍ നായക പദവിയില്‍ എത്തിയതും അവിടെ മറ്റാരെക്കാള്‍ നന്നായി തിളങ്ങിയതും അദ്ഭുതമായി ഇപ്പോള്‍ തോന്നുന്നില്ല. ഐ.സി.സിയുടെ എല്ലാ ട്രോഫികളും നേടിയ ഒരേയൊരു നായകന്‍. ഈയൊരു നേട്ടം തന്നെയാകണം അയാളുടെ താരമൂല്യം കുത്തനെ ഉയര്‍ത്തിയതും.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സച്ചിന്‍ ടെണ്ടുല്‍ക്കറിന് മാത്രം സാധ്യമായ കാര്യമാണ് ഇന്ത്യയിലെ ഏതൊരു ഗ്രൌണ്ടിലും തനിക്ക് വേണ്ടി ആര്‍ത്തു വിളിക്കുന്ന ആരാധകരെ സ്ര്യഷ്ടിച്ചെടുക്കുക എന്ന കാര്യം. ഐ.പി.എല്ലില്‍ കണ്ടറിഞ്ഞതാണു ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുന്ന ഏതൊരു ഗ്രൌണ്ടിലും അയാള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകരെ. വാംഖഡെയില്‍ സ്വന്തം ടീമിനെതിരെ ഒരു ബ്രൂട്ടല്‍ ഇന്നിംഗ്‌സ് കളിക്കുന്ന ധോനിയുടെ ഓരോ ഷോട്ടുകള്‍ക്കും പുറകില്‍ ആരവങ്ങളുമായി അണിനിരക്കുന്ന മുംബെ ക്രൌഡ് വിസ്മയിപ്പിച്ചു കളഞ്ഞു. ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഒരു ഐക്കണ്‍ എന്ന നിലയില്‍ ധോണി വളര്‍ന്നു പോയത് ഒരു സുപ്രഭാതത്തിലല്ല. ഇപ്പോള്‍ വിരാട് കോഹ്ലി നായകനെന്ന നിലയിലുള്ള പരിമിതികള്‍ ബാക്കി നിര്‍ത്തിക്കൊണ്ട് തന്നെ ക്രിക്കറ്റിംഗ് ഐക്കണ്‍ എന്ന നിലയില്‍ അയാളെ റീ പ്ലേസ് ചെയ്യുമ്പോള്‍ അയാള്‍ക്കത് സ്വതസിദ്ധമായ നിര്‍വികാരതയോടെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ടാകണം.

ആകര്‍ഷകമല്ലാത്ത ഫുട്ട് വര്‍ക്കുമായി മഹേന്ദ്രസിംഗ് ധോണി ഒട്ടും പ്രോപ്പര്‍ അല്ലാത്ത ഒരു കവര്‍ ഡ്രൈവ് കളിക്കുമ്പോള്‍ യൂട്യുബില്‍ ടെണ്ടുല്‍ക്കറുടെ പിക്ചര്‍ പെര്‍ഫക്റ്റ് കവര്‍ ഡ്രൈവ് തിരഞ്ഞു പോകുന്ന നമ്മള്‍ മനപൂര്‍വം വിസ്മരിക്കുകയാണ് പന്ത് ബൌണ്ടറിക്ക് അപ്പുറത്താണെന്ന കാര്യം. 1996, 99, 2003, 07 ഇന്ത്യന്‍ ക്രിക്കറ്റ് ലോകം വെട്ടിപ്പിടിക്കാന്‍ നടത്തിയ യാത്രകളാണ്. ഒരു തലമുറ കാത്തിരിക്കുകയായിരുന്നു. 2003ല്‍ അവസാന ലാപ്പില്‍ വീണു പോയപ്പോഴും 2007ല്‍ ദുരന്തമായി മാറിയപ്പോഴും അവര്‍ക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. ഓര്‍മകള്‍ക്ക് മടങ്ങാം 6 കൊല്ലം പുറകിലേക്ക്. അവിടെ വാംഖെഡയില്‍ ഇന്ത്യയുടെ രണ്ടാമത്തെ വിക്കറ്റ് വീണു കഴിഞ്ഞു. വാംഖഡെയെ മാത്രമല്ല കണ്ടിരിക്കുന്ന ഒരു ജനതയാകെ നിശബ്ദരാക്കിയ വിക്കറ്റ്. അവസാനമായി ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ചവരില്‍ ഒരാള്‍ തന്റെ അവസാനത്തെ ലോകകപ്പ് ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കി മടങ്ങുകയാണ്. ഇനിയൊരു തിരിച്ചു വരവില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി മുംബെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ജീനിയസിന് ഒരു സ്റ്റാന്‍ഡിംഗ് ഒവേഷന്‍ നല്‍കുമ്പോള്‍ ക്രീസിലേക്ക് പിന്നീട് എഴുതപ്പെടാന്‍ പോകുന്ന ഒരിതിഹാസം കോഹ്ലിയുടെ രൂപത്തില്‍ നടന്നടുക്കുന്ന കാഴ്ച.

ഗ്രൗണ്ടില്‍ മുത്തയ്യ മുരളീധരന്‍ എന്ന ഇതിഹാസം പന്ത് കയ്യിലെടുക്കുമ്പോള്‍ ഇനിയൊരു വിക്കറ്റ് വീണാല്‍ താനാണ് ബാറ്റിംഗിനു ഇറങ്ങുകയെന്നു ഡ്രസ്സിംഗ് റൂമില്‍ ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ചിരിക്കുന്ന കളിക്കാരന്‍ തീരുമാനിക്കുന്നിടത്ത് എന്റെയോ നിങ്ങളുടെയോ അനുവാദത്തിനു കാത്ത് നില്‍ക്കാതെ ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിന്റെ ചരിത്രം വിഭജിക്കപ്പെടുകയാണ്. മഹേന്ദ്ര സിംഗ് ധോണിക്ക് മുന്നേയും അയാള്‍ക്ക് ശേഷവും. അയാളുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. അയാളും ജഡ്ജ് ചെയ്യപ്പെടും എന്നിരിക്കെ അയാള്‍ക്ക് വേണ്ടി സംസാരിക്കാനും ഇവിടെയൊരു തലമുറയുണ്ട്. അവര്‍ക്കയാളുടെ പരിമിതികള്‍ വ്യക്തമായറിയാം. മഹേന്ദ്രസിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിനെ സ്വപ്നം കാണാന്‍ പഠിപ്പിച്ച നായകനല്ല, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി മനസ്സുകള്‍ നിറച്ചവനാണ്.

സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കുന്നില്ല, അതിനി എം.എസ് ധോണിയാല്‍ പോലും. ജഡ്ജ് മെന്റ് ഡേ അടുത്ത് കഴിഞ്ഞു. യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നു. പല ഇതിഹാസങ്ങളുടെ കരിയറുകളും ഇനിയൊന്നും ഇന്ത്യന്‍ ക്രിക്കറ്റിനു ഓഫര്‍ ചെയ്യാനില്ലാത്ത അവസ്ഥയില്‍ എത്തി നിന്നപ്പോള്‍ അനാവശ്യമായ നീട്ടിയെടുക്കലുകള്‍ ഒരു പരിധി വരെ ഒഴിവാക്കി ഇറ്റ്‌സ് ടൈം ടു മൂവ് ഓണ്‍ എന്നിന്ത്യന്‍ ക്രിക്കറ്റിനു പറഞ്ഞു കൊടുത്ത് റിയാലിറ്റിയെ ആരാധനക്ക് മുകളിലായി പ്രതിഷ്ഠിച്ച മനുഷ്യന് സ്വന്തം മുഖത്തിന് നേരെ വച്ചിരിക്കുന്ന കണ്ണാടി കാണാന്‍ കഴിയുന്നില്ലെങ്കിലത് നിര്‍ഭാഗ്യകരമാണ്. 2019 ലോകകപ്പ് കൂടെയയാള്‍ കളിച്ചേക്കും എന്ന് ന്യായമായും കരുതെണ്ടതാണ്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദങ്ങളില്ലാതെ അയാള്‍ വരുന്ന ലോകകപ്പില്‍ കളിച്ചേക്കാവുന്ന ബ്ലിസ്റ്ററിംഗ് നോക്കുകള്‍ക്കായി കാത്തിരിക്കുന്നു. അതിനു കഴിഞ്ഞാലും ഇല്ലെങ്കിലും എം.എസ് ബാക്കിയാക്കി പോകുന്ന ലെഗസി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ്. അനുകരിക്കാന്‍ കഴിയാത്തതും അനുപമവുമായ ഒന്ന്. സൌന്ദര്യാരാധകരെ പാടെ നിരാശരാക്കുന്ന ഒരു കരിയര്‍ എഫക്ടീവ് നസില്‍ പല ഐതിഹാസിക കരിയറുകളെയും പുറകിലാക്കുന്ന വിചിത്രമായ കാഴ്ച…