സരിതയുടെ കത്തില്‍ മൂന്ന് പേജ് എഴുതി ചേര്‍ത്തത് ഗണേഷ്കുമാര്‍ : ഉമ്മന്‍ചാണ്ടി

വിവാദമായ സോളാര്‍ കേസില്‍ പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാറിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസിലെ രണ്ടാം പ്രതി സരിതാ നായരുടെ കത്തിന്റെ പേജ് കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറാണ് എന്ന് കൊട്ടാരക്കര കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉമ്മന്‍ചാണ്ടി പറയുന്നു. ആദ്യം 21 പേജുള്ള കത്താണ് അട്ടക്കുളങ്ങര ജയിലില്‍ നിന്നും സരിത എഴുതിയത്.

പിന്നീട് ഇത് 24 പേജുള്ള കത്താക്കി മാറ്റിയത് ഗണേഷ് കുമാറാണ്. മൂന്നു പേജ് കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറിന്റെ നിര്‍ബന്ധം മൂലമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സരിതയുടെ കത്തില്‍ പുതുതായി കൂട്ടി ചേര്‍ത്ത മൂന്നു പേജിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ഗണേഷിന് തിരികെ മന്ത്രിയാകാന്‍ സാധിക്കാത്തതിന്റെ വൈരാഗ്യം തന്നോട് ഉണ്ടായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിവാദമായ സോളാര്‍ അഴിമതി കേസില്‍ സരിത എസ് നായരും ഗണേഷ് കുമാറും വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന പരാതിയിലാണ് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സരിത രംഗത്ത് വന്നു. ജയിലില്‍ നിന്ന് കത്തെഴുതിയത് താന്‍ തന്നെയാണ് എന്നും. ഉമ്മന്‍ ചാണ്ടി കത്തിനെ ഭയക്കുന്നുവെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.